ഹിന്ദുവിന്‍േറത് മാത്രമാണോ ഇന്ത്യഎന്ന് ബോംബെ ഹൈകോടതി

09:07am 7/04/2016
download (3)
മുംബൈ: ഇന്ത്യ ഹിന്ദുവിന്‍േറത് മാത്രമാണോയെന്ന് ബി.ജെ.പി ഭരിക്കുന്ന നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ബോംബെ ഹൈകോടതി. വ്യാഴാഴ്ച നാഗ്പുരിലെ കസ്തൂര്‍ഛന്ദ് പാര്‍ക്കില്‍ എയിഡ്‌സ് ബോധവത്കരണ പരിപാടിക്കിടെ ഹനുമാന്‍ ചാലിസ ഭജനയും നടത്താനുള്ള നീക്കത്തിനെതിരെ നല്‍കിയ ഹരജി പരിഗണിക്കെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശം.
‘ഹനുമാന്‍ ചാലിസയോടൊപ്പം മറ്റു മതഗ്രന്ഥ പാരായണം ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണ്? ഹിന്ദുക്കള്‍ക്കു മാത്രമാണോ എയ്ഡ്‌സ് ബാധിക്കുന്നത്? മാരകമായ ഈ രോഗമകറ്റാന്‍ ഹനുമാന്‍ ചാലിസ മാത്രമാണോ പരിഹാരം എന്നും ഭൂഷന്‍ ഗവായ, സ്വപ്ന ജോഷി എന്നിവരടങ്ങുന്ന ബെഞ്ച് കോര്‍പറേഷനോട് ചോദിച്ചു.
രണ്ടു പരിപാടികള്‍ വെവ്വേറെ നടത്തി ഹനുമാന്‍ ചാലിസയുടെ ചെലവുകള്‍ ക്ഷേത്ര കമ്മിറ്റിയും എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ചെലവുകള്‍ കോര്‍പറേഷനും വെവ്വേറെ വഹിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഹരജിയില്‍ തുടര്‍നടപടികള്‍ ഒഴിവാക്കി.
രണ്ട് പരിപാടികള്‍ക്കിടെ ചുരുങ്ങിയത് ഒരു മണിക്കൂര്‍ ഇടവേളയുണ്ടാകണം. പരിപാടികളില്‍ ഒരേ ബാനര്‍ ഉപയോഗിക്കാന്‍ പാടില്ല. എയ്ഡ്‌സ് ബോധവത്കരണ പരിപാടിക്ക് ഹനുമാന്‍ ചാലിസയുടെ കാര്യം പരാമര്‍ശിക്കാതെ കൂടുതല്‍ പ്രചാരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും മതപരിപാടിക്ക് എതിരല്‌ളെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത്തരം പരിപാടികളിലേക്ക് ബന്ധപ്പെടുത്തുന്നതിനെയാണ് കോടതി ഗൗരവമായി കാണുന്നതെന്നും കോടതി വിശദീകരിച്ചു.