ഹില്ലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം

12:24 pm 31/10/2016

download (4)
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്റെ വിവാദമായ ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐ ഡയറക്ടര്‍ ജേയിംസ് കോമിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം.

ഇ-മെയിലുകള്‍ സംബന്ധിച്ച എല്ലാവിവരവും വോട്ടര്‍മാര്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അവ വെളിപ്പെടുത്തണമെന്നും ഫ്ലോറിഡയിലെ റാലിയില്‍ ഹില്ലരി ആവശ്യപ്പെട്ടു.
വോട്ടെടുപ്പിനു എട്ട് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയില്‍ വിവാദത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയുടെ നീക്കത്തില്‍ പരക്കെ എതിര്‍പ്പുയര്‍ന്നിരുന്നു. പുതിയ ഇ-മെയിലുകള്‍ കണ്ടെത്തിയെന്ന കാര്യം യുഎസ് കോണ്‍ഗ്രസിനെ അറിയിക്കരുതെന്നു ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റ് കോമിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇതു വകവയ്ക്കാതെ കോമി മുന്നോട്ടു നീങ്ങുകയായിരുന്നു.
വെള്ളിയാഴ്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പുതിയ ഇ-മെയിലുകള്‍ സംബന്ധിച്ച കാര്യം അറിയിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ വസതിയില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ വച്ച ഹില്ലരിയുടെ നടപടി ഏറെ വിവാദമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഹില്ലരിക്കെതിരേ കേസെടുക്കാന്‍ വിസമ്മതിച്ച കോമി വോട്ടെടുപ്പ് അടുത്ത അവസരത്തില്‍ പുതിയ ഇ-മെയില്‍ വിവാദത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതാണ് പ്രശ്നമായത്.
അഭൂതപൂര്‍വവും രാഷ്ട്രീയ ലാക്കോടെയുള്ളതുമായ നീക്കമാണ് എഫ്ബിഐയുടേതെന്ന് ഹില്ലരി ക്യാമ്ബ് ആരോപിച്ചു. ഇ-മെയിലുകള്‍ സംബന്ധിച്ച എല്ലാവിവരവും വോട്ടര്‍മാര്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അവ വെളിപ്പെടുത്തണമെന്നും ഫ്ലോറിഡയിലെ റാലിയില്‍ ഹില്ലരി പറഞ്ഞു. ഇതേസമയം, ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ സംരക്ഷിക്കാന്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റ് ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ഫീനിക്സിലെ റാലിയില്‍ പ്രസംഗിച്ച ട്രംപ് ഇലക്ഷന്‍ ക്രമക്കേടിന്റെ ഒരുദാഹരണമാണിതെന്നു പറഞ്ഞു.
ഹില്ലരിയുടെ പേരു കേട്ടപ്പോള്‍ തന്നെ റാലിക്കെത്തിയ ജനക്കൂട്ടം അവരെ ജയിലിലിടുക എന്ന് ആക്രോശിച്ചു. പുതിയ ഇ-മെയില്‍ വിവാദത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നു ഹില്ലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ് സര്‍വേയില്‍ വ്യക്തമായി. ഹില്ലരിക്ക് 46 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയുണ്ട്. ഒരാഴ്ച മുമ്ബ് ഹില്ലരിക്കു 12 പോയിന്റിന്റെ ലീഡുണ്ടായിരുന്നു.