ഹൂസ്റ്റണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ വിജയകരമായി പരിസമാപിച്ചു

09:34am 20/7/2016

Newsimg1_84100800
ഹൂസ്റ്റണ്‍: ശ്രീനാരായണ ഗുരുദേവന്റെ മതാതീത ആത്മീയ സമത്വ ദര്‍ശനം ഈ വിശ്വമാകെ പരത്തുവാന്‍ വടക്കേ അമേരിക്കയിലെ ശ്രീനാരായണ സമൂഹത്തെ പ്രതിജ്ഞാബദ്ധമാക്കി ഹൂസ്റ്റണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ മംഗളകരമായി പരിസമാപിച്ചു. നാലു ദിന രാത്രങ്ങള്‍ നീണ്ടു നിന്ന കണ്‍വെന്‍ഷന്‍ വൈവിധ്യമാര്‍ന്ന പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ , പഠന കളരികള്‍ , സാംസ്­കാരിക സമ്മേളനം, കലാപരിപാടികള്‍, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം, പ്രാര്‍ത്ഥനായോഗങ്ങള്‍ തുടങ്ങിയവ കൊണ്ടു സമ്പന്നമായി. വടക്കേ അമേരിക്കയിലെ ശ്രീനാരായണ കുടുംബാംഗങ്ങള്‍ ഒരു മനസ്സോടെ , പ്രാര്‍ത്ഥനാ നിര്‍ഭരമായി, ഗുരുദേവ ദര്‍ശനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടു ഒരുമയോടെ നടത്തിയ പ്രവര്‍ത്തനമാണ് ഈ മഹാസമ്മേളനത്തിന്റെ വന്‍ വിജയം.

ജൂലൈ ഏഴാം തീയതി ഹൂസ്റ്റണിലെ ലീഗ് സിറ്റി യിലുള്ള പ്രകൃതി രമണീയമായ സൗത്ത് ഷോര്‍ ഹാര്‍ബര്‍ റിസോര്‍ട്ടില്‍ (ശ്രീനാരായണ നഗര്‍ ) സ്വാമി സച്ചിദാനന്ദ, സ്വാമി ത്യാഗീശ്വരന്‍, സ്വാമി സന്ദീപാനന്ദ ഗിരി, ശ്രീ. പി. വിജയന്‍ ഐ പി എസ്, ഗായകന്‍ ജി. വേണുഗോപാല്‍, ശ്രീ. ഡോ. എം അനിരുദ്ധന്‍, വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവരുടെ മഹദ് സാന്നിധത്തില്‍ പ്രശസ്ത ശ്രീ നാരായണീയ തത്വ ചിന്തകനും ശാസ്ത്രജ്ഞനും ആയ പ്രൊഫ. ജി. കെ. ശശിധരന്‍ കണ്‍വെന്‍ഷന്റെ ഔപചാരികമായ ഉത്­ഘാടനവും, മഹാകവി കുമാരനാശാന്‍ രചിച്ച ഗുരുസ്തവം എന്ന വിശിഷ്ട പ്രാര്‍ത്ഥനാ ഗീതത്തിന്റെ രചനാ ശതാബ്­ദി ആഘോഷങ്ങളുടെ ആരംഭവും നിര്‍വഹിച്ചു. പ്രാര്‍ത്ഥനാനിര്ഭരമായ ഈ ചടങ്ങില്‍ എടചഛചഅ സെക്രട്ടറി ശ്രീ. ദീപക് കൈതക്കാപ്പുഴ വിശിഷ്ടാതിഥികളെയും, ശ്രീനാരായണ കുടുംബാംഗങ്ങളെയും സ്‌നേഹ പുരസ്സരം സ്വാഗതം ചെയ്തു. തുടര്‍ന്നു സര്‍വ്വശ്രീ അനിയന്‍ തയ്യില്‍, അശ്വിനി കുമാര്‍, ശ്രീനിവാസന്‍ ശ്രീധരന്‍, സുതന്‍ പാലക്കല്‍, സന്തോഷ് വിശ്വനാഥന്‍ , ഹരി പീതാംബരന്‍, നടരാജന്‍ കൃഷ്ണന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, അനൂപ് രവീന്ദ്രനാഥ് തുടങ്ങിയവര്‍ നാഷണല്‍ കമ്മറ്റിയേയും, വിവിധ റീജിയണല്‍ അസ്സോസിയേഷനുകളെയും പ്രതിനിധാനം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു.

എട്ടാം തിയതി രാവിലെ ശ്രീ. അജി നായരുടെ നേതൃത്വത്തില്‍ ഉള്ള ചെണ്ടമേളത്തിന്റെയും, ശ്രീനാരായണ വനിതാ സംഘത്തിലെ അംഗങ്ങളുടെ താലപ്പൊലിയുടെയും അകമ്പടിയോടു കൂടി നടന്ന ശോഭാ യാത്രയില്‍ ശ്രീനാരായണീയ കുടുംബാംഗങ്ങള്‍ പീത പതാക ആവേശ പൂര്‍വം വാനിലുയര്‍ത്തി വിശിഷ്ടാതിഥികളെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്നു ശ്രീ നാരായണ ഗുരുദേവന്‍ രചിച്ച ദര്‍ശന മാല എന്ന മഹദ് കൃതിയുടെ ശ താബ്ധി ആഘോഷങ്ങളുടെ ആരംഭമായി. യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും, വനിതകള്‍ക്കുമായി നടന്ന വൈവിധ്യമാര്‍ന്ന മറ്റു സെമിനാറുകളും, പഠന കളരികളും എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ഹൂസ്റ്റണ്‍, ഡാളസ്, കാലിഫോര്‍ണിയ, ഫിലാഡല്‍ഫിയ, ഷിക്കാഗോ, വാഷിങ്ടണ്‍ ഡിസി, ഡെട്രോയ്‌റ്, നോര്‍ത് കരോലിന, ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌­സി തുടങ്ങിയ വിവിധ റീജിയനുകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധികളും, കുടുംബങ്ങളും ചേര്‍ന്നു കാഴ്ച്ച വെച്ച കലാ സാംസ്കാരിക പരിപാടികളും, വര്‍ക്ക് ഷോപ്പുകളും എല്ലാവര്‍ക്കും ഒരു നവ്യാനുഭവം പ്രദാനം ചെയ്തു.

ശ്രീനാരായണ സന്ദേശങ്ങളുടെ കാലിക പ്രസക്തി, ഗുരുദേവ ശിഷ്യ പരമ്പര, ഗുരുദേവ ദര്‍ശനങ്ങളിലെ ആധ്യാത്മികത , ദര്‍ശന മാലയിലെ ശാസ്ത്ര സത്യങ്ങള്‍, അമേരിക്കയിലെ പുതു തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍, അവയ്ക്കു ഗുരുദേവ ദര്‍ശനങ്ങളില്‍ ഊന്നിയുള്ള പരിഹാരങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ശ്രീ. പി. വിജയന്‍. ഐ.പി എസ്, ശ്രീ. സാഗര്‍ വിദ്യാസാഗര്‍, ഡോ. ചന്ദ്രശേഖര്‍ തിവാരി, ഡോ. ശരത് മേനോന്‍, ഡോ. വസന്ത് കുമാര്‍, ഡോ. എം അനിരുദ്ധന്‍ , ഡോ. ചന്ദ്രോത്ത്­ പുരുഷോത്തമന്‍, ശ്രീ. ശിവദാസന്‍ ചാന്നാര്‍ , തുടങ്ങിവര്‍ നയിച്ച വിവിധ ചര്‍ച്ചകളും, പ്രഭാഷണ പരമ്പരയും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. കണ്‍വെന്‍ഷനോടനുബന്ധിച്ചു പുറത്തിറിക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മവും, ശ്രീമതി അനിതാ മധുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഹെല്‍ത്ത് സെമിനാറും, കുട്ടികള്‍ക്കും, യുവ ജനങ്ങള്‍ക്കുമായി നടത്തിയ പഠന ക്യാമ്പുകളും തദവസരത്തില്‍ അരങ്ങേറി.

പ്രശസ്ത നര്‍ത്തകി ശ്രീമതി. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഉള്ള നൃത്ത നൃത്യങ്ങളും, ഒപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രൊഫഷനല്‍ കലാസംഘങ്ങള്‍ , വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നല്‍കി അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ എന്നിവയും കണ്‍വന്‍ഷന്‍ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കി. ശ്രീ. മധു ചേരിക്കല്‍, ശ്രീമതി. ജെയ്‌­മോള്‍ ശ്രീധര്‍, ശ്രീ. അനില്‍ ജനാര്‍ദനന്‍, ശ്രീ. ജയന്‍ അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മറ്റിയുടെ മികച്ച പ്രകടനം കലാപരിപാടികള്‍ ആസ്വാദ്യകരമാക്കിയതില്‍ പങ്കു വഹിച്ചു.

കേരളീയ പാരമ്പര്യ തനിമയോടെയുള്ള സ്വാദിഷ്ട ഭക്ഷണമായിരുന്നു കണ്‍വെന്‍ഷന്റെ മറ്റൊരു ആകര്‍ഷണം. ബാന്‍ക്വിറ്റും, പ്രശസ്ത ഗായകന്‍ ശ്രീ. ജി വേണുഗോപാലിന്റെ സംഗീത സന്ധ്യയും പ്രതിനിധികള്‍ക്കും, കുടുംബങ്ങള്‍ക്കും ഹൃദ്യാനുഭവം പകര്‍ന്നു.

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. എം. അനിരുദ്ധന്‍ രക്ഷാധികാരിയും , ശ്രീ. അനിയന്‍ തയ്യില്‍ ചെയര്‍മാനും, ശ്രീ ദീപക് കൈതയ്ക്കാപ്പുഴ സെക്രട്ടറിയും, ശ്രീ. അശ്വിനി കുമാര്‍ ട്രഷററും, ശ്രീ.സന്തോഷ് വിശ്വനാഥന്‍ , ശ്രീനിവാസന്‍ ശ്രീധരന്‍ ഷിയാസ് വിവേക് , ജയശ്രീ അനിരുദ്ധന്‍ എന്നിവര്‍ ജനറല്‍ കണ്‍വീനേര്‍സും ആയിട്ടുള്ള സംഘാടക സമിതിയില്‍ സര്‍വ്വശ്രീ. ജനാര്‍ദനന്‍ ഗോവിന്ദന്‍, അഡ്വ. കല്ലുവിള വാസുദേവന്‍, സുജി വാസവന്‍, അനൂപ് രവീന്ദ്രനാഥ്, ജയചന്ദ്രന്‍ അച്യുതന്‍, സി.കെ സോമന്‍, അനിത മധു, ജയ്‌­മോള്‍ ശ്രീധര്‍, സജീവ് ചേന്നാട്ട്, സന്ദീപ് പണിക്കര്‍, സാബുലാല്‍ വിജയന്‍, ഗോപന്‍ മണികണ്ടശ്ശേരില്‍, പുഷ്ക്കരന്‍ സുകുമാരന്‍, മധു ചേരിക്കല്‍, ജയന്‍ അരവിന്ദാക്ഷന്‍, മ്യൂണിക് ഭാസ്കര്‍, പ്രസാദ് കൃഷ്ണന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സുമേഷ് ഭാസ്കരന്‍, ശരത് തയ്യില്‍, ഐശ്വര്യ അനിയന്‍, പ്രകാശന്‍ ദിവാകരന്‍, ത്രിവിക്രമന്‍, ഹരി പീതാംബരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ വിവിധ കമ്മറ്റികള്‍ കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു. ഇതില്‍ പെങ്കെടുത്ത എല്ലാവര്‍ക്കും, സഹകരിച്ച മറ്റനവധി വാളണ്ടിയേഴ്‌സിനും നാഷണല്‍ എക്‌സിക്കുട്ടീവ് കമ്മറ്റിക്കുവേണ്ടി ശ്രീ. അനിയന്‍ തയ്യില്‍ നന്ദി പ്രകാശിപ്പിച്ചു. 2018 ലെ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍ വച്ചു നടത്താനും കമ്മറ്റി തീരുമാനിച്ചു.