ഹെല്‍മറ്റില്ലെങ്കില്‍ പിഴയില്ല പകരം പടം പിടിക്കണം

01.35 AM 03-09-2016
FX544543D_Main-shoei-nxr-helmet-brigand-tc10-graphic-1
ഹെല്‍മറ്റില്ലാതെ പിടിയിലാകുന്ന ഇരുചക്ര യാത്രികന്‍ ഇനി പിഴ ഒടുക്കേണ്ടതില്ല, പകരം സമാന നിയമ ലംഘകരുടെ പത്ത് ഫോട്ടോ നല്‍കി മോട്ടോര്‍ വാഹന വകുപ്പിനെ സഹായിച്ചാല്‍ മതി. ഹെല്‍മറ്റ് ധരിക്കാതെ നിയമം ലംഘിക്കുന്നവര്‍ മുഖേന സമാന നിയമ ലംഘകരെ കണ്ടെത്തി ബോധവത്കരണമാണ് വാഹന വകുപ്പ് നൂതന പരിപാടിയില്‍ ലക്ഷ്യമിടുന്നത്. ഒരാള്‍ നിയമം ലംഘിച്ചാല്‍ അത് പത്തും, നൂറും ആയിരവുമാക്കി സമഗ്ര ബോധവത്കരണമാണ് പരിപാടിയില്‍ വാഹനവകുപ്പിന്റെ ലക്ഷ്യം. ഹെല്‍മിറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ല തുടങ്ങി വിവാദ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി പരാജയപ്പെട്ടിട്ടാണ് വാഹന വകുപ്പ് അധികൃതര്‍ പൊതു ജനങ്ങളെ കൂടി പങ്കാളികളാക്കി നിയമ ലംഘകരെ കണ്ടെത്താനുള്ള പരിപാടി തുടങ്ങിയിരിക്കുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ കണ്ടാല്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് ആര്‍.ടി.ഒക്ക് മെയില്‍ ചെയ്താലും നടപടി ഉണ്ടാകും. സ്ഥലം, സമയം, തിയതി എന്നീ വിവരങ്ങള്‍ rtoekm@gmail.com എന്ന മെയിലാണ് ഫോട്ടോ അയക്കേണ്ടത്. പിടിയിലാകുന്ന നിയമ ലംഘകര്‍ക്ക് വാഹന വകുപ്പ് ബോധവത്കരണവും കൗണ്‍സിലിങും നടത്തും. ഹെല്‍മറ്റില്ലാതെ അപകടത്തില്‍ പെട്ടാലുണ്ടാകുന്ന അനന്തര ഫലങ്ങള്‍, മെഡിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയായിരിക്കും ബോധവത്കരണത്തിലും കൗണ്‍സിലിങ്ങിലും നടത്തുന്നത് വഴി ലക്ഷ്യമിടുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സമാന നിയമ ലംഘകരുടെ ഫോട്ടോ നല്‍കാതെയും കൗണ്‍സിലിങ്ങിലും പങ്കെടുക്കാതെ പിഴ ഒടുക്കി ഇരുചക്ര യാത്രികര്‍ക്ക് നടപടികളില്‍ നിന്ന് മോചനം നേടാനും അവസരം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വാഹന വകുപ്പ് ആരെയും നിര്‍ബന്ധിക്കില്ല. സമാന നിയമ ലംഘകരുടെ പത്ത് ഫോട്ടോ നല്‍കി ബോധവത്കരണ, കൗണ്‍സിലിങ് ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കി മോട്ടോര്‍ വാഹനവകുപ്പ് ആദരണീയ വ്യക്തികളാക്കും. ഇവര്‍ മുഖാന്തിരം ആയിരക്കണക്കിന് നിയമലംഘകരിലേക്ക് ബോധവത്കരണമാണ് വാഹനവകുപ്പ് ലക്ഷ്യമിടുന്നത്. ഹെല്‍മറ്റില്ലാതെ പിടിയിലാകുന്നവരെ നോട്ടീസ് അയച്ചായിരിക്കും വിളിച്ച് വരുത്തുക. കൗണ്‍സിലിങും ബോധവത്കരണവും കഴുയുന്നതോടെ നിയമലംഘകരില്‍ കുറ്റ ബോധവും അത് വഴി അവര്‍ പ്രചാരകുമെന്നാണ് പ്രതീക്ഷ. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് രണ്ട് മാസത്തേക്ക് പരീക്ഷണാര്‍ഥം പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ആദ്യപടിയായി എറണാകുളത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ അഞ്ച് സബ് ഓഫീസ് പരിധിയില്‍ നടപ്പിലാക്കി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മുഴുവന്‍ ഉദ്യോഗസ്ഥരും പരിപാടി വന്‍ വിജയമാക്കുന്നതിനുള്ള തീവശ്രമത്തിലാണ്.