ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു.

05:20 pm 21/08/2016
download (4)
പട്യാല: ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. ഹാൻഡ്ബോൾ താരവും പഞ്ചാബ്​ ഖൽസാ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായ പൂജ (20) ആണ് ആത്മഹത്യ ചെയ്തത്​.

ഹോസ്റ്റൽ ഫീസും യാത്രാ ചെലവും തനിക്ക്​ വഹിക്കാനാവാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പെൺകുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു​. സൗജന്യ ഭക്ഷണവും ഹോസ്റ്റലും നൽകാമെന്ന്​ വാഗ്ദാനം നൽകിയാണ്​ കഴിഞ്ഞ വർഷം പൂജക്ക്​ കോളജിൽ ​പ്രവേശനം നൽകിയത്​. എന്നാൽ, ഇൗ വർഷം മുതൽ സൗജന്യ ഹോസ്​റ്റൽ താമസം നിഷേധിക്കുകയായിരുന്നു. ​

വീട്ടിൽ നിന്നും കോളജിലേക്ക്​ പോകാൻ ദിവസവും 120 രൂപ ചെലവാകുമെന്നാണ്​ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്​. പിതാവ് പച്ചക്കറി വ്യാപാരിയായതിനാൽ കുടുംബത്തിന് പൂജയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ ​കോളജിൽ പോകുന്നത്​ നിർത്താൻ ​പൂജ ആലോചിച്ചിരുന്നതായും റിപ്പോർട്ടുണ്ട്​.

അതേസമയം, പെൺകുട്ടിക്ക്​ കോളജിൽ പണം നൽകാതെ പ്രവേശനം നൽകിയിരുന്നെങ്കിലും സൗജന്യ ഹോസ്റ്റൽ സൗകര്യം വാഗ്​ദാനം ചെയ്തിരുന്നില്ലെന്നാണ്​​ അധികൃതരുടെ വാദം.