ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍

06:44pm 28/5/2016
download

രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്നും വൈസ് ചാന്‍സിലര്‍ പ്രഫ. അപ്പറാവുവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്ന പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍. സമരം ചെയ്തിരുന്ന ടെന്റുകളും അതിനുള്ളിലുണ്ടായിരുന്ന അംബേദ്കര്‍ ചിത്രങ്ങളും മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും തകര്‍ക്കപ്പെട്ടു. സര്‍വകലാശാല ആധികൃതരാണ് സമരപ്പന്തല്‍ തകര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ നാലു മാസമായി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്നിരുന്ന പന്തലാണ് തകര്‍ക്കപ്പെട്ടത്.
ഇന്നലെ രാത്രി ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ ക്യാന്പസിലെ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ സമരപ്പന്തല്‍ തകര്‍ക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമരപ്പന്തല്‍ സ്വാഭാവികമായി തകരുകയായിരുന്നെന്നാണ് സര്‍വകലാശാലാ അഝികൃതര്‍ വിശദീകരിക്കുന്നത്. ഇന്നലെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഇവിടെ ഡ്യൂട്ടിയിലില്ലായിരുന്നെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു. ഇതും സംശയാസ്പദമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. രോഹിത് വെമുലയുടെ സ്തൂപവും മറ്റും തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച വൈസ് ചാന്‍സിലര്‍ രേഖാമൂലം ഉത്തരവിറക്കിയിരുന്നു. സമരപ്പന്തല്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയുടെ മുഖ്യകവാടത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.