ഹൈന്ദവ സമ്മേളനം കൊളംബസില്‍ നടന്നു

09:37am 10/4/2014
ജോയിച്ചന്‍ പുതുക്കുളം
KHNACOLUMBUS_pic
ചിക്കാഗോ: ഭാരതത്തിന്റെ സനാതനമായ സംസ്‌കാരം സംരക്ഷിക്കുന്നതിനും കാലികമായ മതമൗലികവാദങ്ങളെ വിശ്വമാനവീകതയിലൂന്നിയ വൈദീകദര്‍ശനങ്ങളിലൂടെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിടുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഒഹായോയിലെ കൊളംബസില്‍ വച്ച് ഒരു ഹിന്ദു സമ്മേളനം നടത്തി.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൗതീക വിജ്ഞാനത്തിനായുള്ള അതിവേഗ പ്രയാണത്തില്‍ വൈകാരികമായി ദുര്‍ബലരാകുന്ന പ്രവാസികളും വിഷാദ രോഗത്തിലേക്കും, ജീവിത നൈരാശ്യത്തിലേക്കും നടന്നു നീങ്ങുന്ന ദുരവസ്ഥ നമ്മള്‍ തിരിച്ചറിയണമെന്നു തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം എല്ലാവരേയും ഓര്‍മ്മിപ്പിച്ചു. വിജ്ഞാനസമ്പാദനത്തിനൊപ്പം ജ്ഞാനമാര്‍ഗ്ഗത്തിലൂടെയുള്ള ആദ്ധ്യാത്മിക തിരിച്ചറിവുകൂടി ചേരുമ്പോള്‍ മാത്രമേ അറിവ് പൂര്‍ണ്ണമാകുന്നുള്ളൂ. സ്ഥൂലമായ ദൃശ്യവസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മമായ ചൈതന്യം കണ്ടെത്താനുള്ള ഭാവനയാണ് മനുഷ്യജ•ത്തെ ഇതര ജീവജാലങ്ങളില്‍ നിന്നു വ്യത്യസ്തരാക്കുന്നത്. ബാഹ്യമായി ഒരേ രൂപമുള്ള ഒന്നിനെ പലതായി സങ്കല്പിക്കാനുള്ള മനസ്സിന്റെ സങ്കീര്‍ണ്ണമായ കഴിവ് ശാസ്ത്രലോകത്തിന് ഇന്നും കണിശമല്ല. ആത്മചൈതന്യം മനസിന് നല്‍കുന്ന സവിശേഷമായ ഭാവനയാണ് ഒരേ സ്ത്രീയെ അമ്മയായും, ഭാര്യയായും, മകളായും, സഹോദരിയായും സങ്കല്പിക്കാന്‍ മനുഷ്യര്‍ക്ക് തിരിച്ചറിവ് നല്‍കുന്നത്. ബാഹ്യമായതില്‍ നിന്നും ആന്തരികതയിലേക്കുള്ള അന്വേഷണത്തെ ഭാരതീയ വേദാന്തം സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കുള്ള യാത്രയായി സമര്‍ത്ഥിക്കുന്നു. ആ സത്യാന്വേഷണ യാത്രയില്‍ ഒരു ദൈവവും മതവും തടസ്സമാകുന്നില്ലെന്ന് ഉപനിഷത്ത് വചനങ്ങള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

ഹരിനാരായണസ്വാമി, ധനുഷ് കോണ്ടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കെ.എച്ച്.എന്‍.എയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറര്‍ സുദര്‍ശന കുറുപ്പ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.എസ്. നായര്‍ എന്നിവര്‍ തുടര്‍ന്ന് സംസാരിച്ചു. 2017 ജൂലൈയില്‍ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ലോക ഹൈന്ദവ സംഗമത്തിന്റെ കാര്യപരിപാടികളെക്കുറിച്ച് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാജേഷ് നായര്‍, റീജണല്‍ വൈസ് പ്രസിഡന്റ് ഗീതാ നായര്‍, സുനില്‍ പൈങ്കോള്‍ എന്നിവര്‍ വിശദീകരിച്ചു. ഹരിനാരായണസ്വാമി ഏവര്‍ക്കും നന്ദി അറിയിച്ചു സതീശന്‍ നായര്‍ അറിയിച്ചു.