01.26 am 16-07-2016
ഹോര്‍ട്ടികോര്‍പ്പ് എംഡി സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഡി സുരേഷ്കുമാര്‍ പത്രപരസ്യത്തിലൂടെ വിശദീകരണം നല്കി. റംസാന് അവധിയായതിനാല്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ലഭിച്ചില്ല. നിരവധി കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കാന് സാധിക്കാതെ വരുമെന്ന സാഹചര്യം ഉണ്ടായി. അതിനാലാണ് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികള്‍ വാങ്ങിയതെന്ന് വിശദീകരണ പരസ്യത്തില്‍ പറയുന്നു.
തന്റെ ആത്മാഭിമാനം നഷ്ടമാകാതിരിക്കാനാണ് പത്രപരസ്യം നല്‍കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്യസംസ്ഥാന പച്ചക്കറി വില്‍പ്പന നടത്തിയതിന്റെ പേരില്‍ മന്ത്രി ഹോര്‍ട്ടികോര്‍പ്പ് എംഡിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് എംഡിയുടെ വിശദീകരണം അടങ്ങിയ പത്രപരസ്യം.