അണികള്‍ക്ക് ആവേശം, നേതൃത്വത്തിന് ആശ്വാസം : പിണറായിക്കു വോട്ട് ചോദിച്ച് വി.എസ്. ധര്‍മടത്തെത്തും

08:57am 19/4/2016
download (5)

കണ്ണൂര്‍: വിഭാഗീതയ്ക്കും ചേരിപ്പോരുകള്‍ക്കുമൊടുവില്‍ സമാധാന ഉടമ്പടിയുമായി സി.പി.എമ്മിലെ ജനനായകര്‍ ഒന്നിക്കുന്നു. ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനു വോട്ട് അഭ്യര്‍ഥിച്ചു വി.എസ്. അച്യുതാനന്ദന്‍ എത്തുന്നതോടെ അണികള്‍ക്ക് ആവേശം, രാഷ്ട്രീയകേരളത്തിനു കൗതുകം.
പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വി.എസ്. അച്യുതാനന്ദന്‍ 21നാണ് ധര്‍മടം മണ്ഡലത്തില്‍പെട്ട ചക്കരക്കല്ലിലെത്തുന്നത്.
എന്നാല്‍, ധര്‍മടത്തു വി.എസ്. എത്തുന്ന ദിവസം പിണറായി കൊല്ലത്തു പ്രചാരണത്തിലാകും. പിണറായി 30നു പാലക്കാട് ജില്ലയില്‍ എത്തുന്നുണ്ടെങ്കിലും മലമ്പുഴയില്‍ വി.എസിനുവേണ്ടി പ്രചാരണത്തിനു പോകുന്ന കാര്യം ജില്ലാനേതൃത്വം തീരുമാനിച്ചിട്ടില്ല. പിണറായി പാലക്കാട് ജില്ലയിലെത്തുന്ന ദിവസം വി.എസ്. ആലപ്പുഴയില്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്ന തരത്തിലാണു പാര്‍ട്ടി ഷെഡ്യൂള്‍.
സി.പി.എമ്മിന്റെ മുഖ്യപ്രചാരകനായ വി.എസ്. പിണറായിയുടെ മണ്ഡലത്തില്‍ എത്തുന്നതിന്റെ ആവേശം അണികളില്‍ പ്രകടമാകുമ്പോള്‍ നേതൃത്വം മറ്റൊരു ആശങ്കയിലാണ്. ധര്‍മടത്തെ വി.എസിന്റെ പ്രസംഗത്തില്‍ എന്തെങ്കിലും മുള്ളും മുനയുമുണ്ടായാല്‍ എല്ലാം പാളുമെന്നതാണ് ആ ആശങ്ക.
വിഭാഗീയത ഉച്ചസ്ഥായിയില്‍ നില്‍ക്കേ വി.എസിനു കണ്ണൂരില്‍ പാര്‍ട്ടി വിലക്കുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തോളം നീണ്ട വിലക്കിനുശേഷം അടുത്തിടെയാണ് അദ്ദേഹത്തിനു കണ്ണൂരില്‍ പാര്‍ട്ടി വേദി ലഭിച്ചത്.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി വീണ്ടും യുദ്ധകാഹളമുയരുമെന്ന ആശങ്ക അണികളില്‍ നിലനില്‍ക്കേയാണു പിണറായിക്കു വോട്ട് ചോദിച്ചു വി.എസ്. എത്തുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് വി.എസ്. കണ്ണൂര്‍ ജില്ലയില്‍ പ്രചാരണത്തിനെത്തിയിരുന്നില്ല. പാര്‍ട്ടിയുടെ വിലക്കു ലംഘിച്ച് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട് സന്ദര്‍ശിച്ചശേഷമാണു വി.എസിനെ കണ്ണൂരിലേക്കു ക്ഷണിക്കാതായത്. വി.എസിന്റെ സാന്നിധ്യം കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടാലും ജില്ലാനേതൃത്വം അനുമതി നല്‍കാറില്ലായിരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സംഘടനാരംഗത്തു പിണറായിയും പ്രചാരണരംഗത്തു വി.എസും ഒത്തുപിടിച്ചെങ്കിലും ഇവര്‍ ഒരുമിച്ചു വേദി പങ്കിടാത്തതു തിരിച്ചടിയായെന്ന വിലയിരുത്തല്‍ സി.പി.എം. കേന്ദ്രനേതൃത്വം നടത്തിയിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിലാകട്ടെ പ്രചാരണത്തിന് ഇരുവരും സംയുക്തമായി നേതൃത്വം നല്‍കി. അതിന്റെ ഗുണം ഇടതുമുന്നണിക്കാകെ ലഭിച്ചെന്ന് അണികള്‍ വിലയിരുത്തുന്നു.