ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ പോളിങ്; പശ്ചിമ ബംഗാളില്‍ 80 ശതമാനം, അസമില്‍ 70

09:08am 5/4/2016
images
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കംകുറിച്ച് അസമിലും പശ്ചിമ ബംഗാളിലും തിങ്കളാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത വോട്ടെടുപ്പ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് അസമില്‍ 70 ശതമാനം വോട്ടര്‍മാരും പശ്ചിമ ബംഗാളില്‍ 80 ശതമാനം വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

അക്രമങ്ങളുമായി ബന്ധപ്പെട്ട മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍, പോളിങ്ങില്‍ കുറവുണ്ട്. ഇതേ സീറ്റുകളില്‍ 2011ല്‍ പശ്ചിമ ബംഗാളില്‍ 83.72 ശതമാനവും അസമില്‍ 75 ശതമാനവുമായിരുന്നു പോളിങ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലങ്ങളില്‍ യഥാക്രമം 83.39 ശതമാനവും 79 ശതമാനവും പേര്‍ വോട്ടുചെയ്തിരുന്നു. എന്നാല്‍, അഞ്ചുമണി വരെയുള്ള കണക്കാണിതെന്നും പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍ വൈകീട്ടും വോട്ടര്‍മാരുടെ നീണ്ട വരിയുള്ളതിനാല്‍ അന്തിമ കണക്കുകള്‍ വരുമ്പോള്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കുമെന്നും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണര്‍ സന്ദീപ് സക്‌സേന അറിയിച്ചു.പശ്ചിമ ബംഗാളിലെ 294 നിയോജക മണ്ഡലങ്ങളിലെ 18 എണ്ണത്തിലും അസമിലെ 126 മണ്ഡലങ്ങളിലെ 65 എണ്ണത്തിലുമായിരുന്നു ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളില്‍ ആറ് ഘട്ടമായും അസമില്‍ രണ്ടു ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത വോട്ടെടുപ്പ് ഏപ്രില്‍ 11നാണ് നടക്കുക. തെരഞ്ഞെടുപ്പ് വൈകി തുടങ്ങല്‍, വോട്ടുചെയ്യല്‍ തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെ 16 പരാതികള്‍ മാത്രമാണ് കിട്ടിയതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അപ്പര്‍ അസമിലെ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇവിടെ വന്‍ വിജയം നേടിയിരുന്നു. എന്നാല്‍, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ മിക്ക സീറ്റുകളും സ്വന്തമാക്കിയത് ബി.ജെ.പിയായിരുന്നു.