എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ വിഷു ആഘോഷിച്ചു, മേയര്‍ മുഖ്യാതിഥിയായി

07;58am 21/4/2016

ജോയിച്ചന്‍ പുതുക്കുളം
NSS_vishu_pic1
സാന്‍ ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 16 ശനിയാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്‌കൂള്‍ ആഡിറ്റൊറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ വിഷുസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കാംപ്‌ബെല്‍ മേയര്‍ ജെസന്‍ ബേകര്‍ മുഖ്യാതിഥിയായി കുടുംബ സമേതം എത്തി. മലയാളത്തില്‍ ഉച്ചാരണ ശുദ്ധിയോടെ നമസ്‌തെയും സ്വാഗതവും പറഞ്ഞ് മേയര്‍ ആരംഭിച്ച പ്രസംഗത്തില്‍ കാലിഫോര്‍ണിയ നായര്‍ സമുദായം സമൂഹത്തില്‍ പുലര്‍ത്തുന്ന ദൃഡമായ കുടുംബ ബന്ധങ്ങളെ അങ്ങേയറ്റം പ്രശംസിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡുകള്‍ സുനില്‍ നായര്‍, കൃഷ്ണ കുമാര്‍, സ്മിത നായര്‍, മധു മുകുന്ദന്‍, സുരേഷ് നായര്‍, ഹരി ശങ്കര്‍, പദ്മപ്രിയ പാലോട്ട്, സീമ കൃഷ്ണ കുമാര്‍, ദേവി പാര്‍വതി എന്നിവര്‍ക്ക് മേയര്‍ സമ്മാനിച്ചു. പ്രസിഡന്റ് രാജേഷ് നായര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രതിനിധിയായി ശ്രീ വി.പരമേശ്വരന്‍ ചടങ്ങിനെ അഭിസംബോദന ചെയ്തു ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ചെയ്യുന്ന സേവനങ്ങള്‍ വിശദീകരിച്ചു. ധാരാളം ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും വളരെ വര്‍ഷങ്ങള്‍ ശേഷം ഭാര്യയോടൊപ്പം ഒരു വിഷു ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല.

പരിപാടിയില്‍ പങ്കെടുത്ത മുതിര്‍ന്നവരായ സുന്ദരന്‍ നായര്‍, ചന്ദ്രിക, അവന്തി ചന്ദ്രന്‍, വിജയ ലക്ഷ്മി, സരോജിനി എന്നിവര്‍ എല്ലാ കുട്ടികള്‍ക്കും സ്വര്‍ണ വര്‍ണത്തിലുള്ള ഒരു ഡോളര്‍ നാണയം വീതം വിഷുകൈനീട്ടം നല്കി. കൈനീട്ടം കിട്ടിയത് എല്ലാ കുട്ടികളെയും വളരെ ആഹ്ലാദിപ്പിച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം മേയറുടെ രണ്ടു മക്കള്‍ക്കും കൈനീട്ടം കിട്ടിയപ്പോള്‍ അവര്‍ അതീവ സന്തുഷ്ടരായി എങ്കിലും അമേരിക്കന്‍ സംസ്‌കാരത്തില്‍ വിഷുവിനു സമാനമായ ഒരു ഉത്സവം ഇല്ലല്ലോ എന്നവര്‍ പരിതപിച്ചു.

വിഷുസദ്യക്ക് അനൂപ് മേനോനും വിനോദ് മേനോനും നേതൃത്വം നല്കി. പ്രിയ രവിശങ്കറും സ്വപ്ന പിള്ളയും ചേര്‍ന്നൊരുക്കിയ വിഷുക്കണി അലങ്കാരങ്ങള്‍ ചടങ്ങിനു പൊലിമയേകി. പരിപാടിക്ക് എത്തിയ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്താന്‍ അജീഷ് നായര്‍ മുന്‍കൈ എടുത്തു.

എന്‍.എസ്സ്.എസ്സ് മലയാളം, പുരാണം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മന്ത്രോച്ചാരണ പരിപാടിയോടെ കലാപരിപാടികള്‍ ആരംഭിച്ചു. മണ്മറഞ്ഞ പ്രതിഭകളായ ഓ.എന്‍.വി, കല്പന, കലാഭവന്‍ മണി എന്നിവരുടെ സ്മരണയില്‍ രവിശങ്കര്‍ മേനോനും സ്മിത നായരും ചേര്‍ന്ന് സംയോജിപ്പിച്ച ഗാനോപഹാരം സമര്‍പ്പിച്ചു.

കേരളീയ നൃത്തങ്ങള്‍ക്കു പുറമേ വിഷു ഗാനങ്ങള്‍ ഉള്‍പെട്ട സംഗീത പരിപാടികളും അരങ്ങേറി. ദീപ്തി നായരും സുനിത മോഹനും ചേര്‍ന്ന് സംയോജിപ്പിച്ച കലാപരിപാടികള്‍ മധു മുകുന്ദനും ദേവി പാര്‍വതിയും നിയന്ത്രിച്ചു. സെക്രട്ടറി മനോജ് പിള്ള നന്ദി രേഖപ്പെടുത്തി.