ഐഫോണിനെ നേരിടാന്‍ ഗൂഗിള്‍ സ്വന്തം ഫോണിറക്കുമെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടേറെ പേരെ ഐഫോണിലേക്ക് കൊണ്ടുവരാന്‍ ആപ്പിളിന് സാധിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഐഫോണിന് പ്രതിയോഗിയാകാന്‍ അവയ്‌ക്കൊന്നും സാധിക്കുന്നില്ല.

ഊഹാപോഹങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും ഒട്ടും ക്ഷാമമില്ലാത്ത മേഖലയാണ് സ്മാര്‍ട്‌ഫോണ്‍ വിപണി. അടുത്ത വര്‍ഷം സപ്തംബറില്‍ ഇറങ്ങേണ്ട ആപ്പിള്‍ ഐഫോണില്‍ ഇന്നയിന്ന സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന് ഇപ്പോഴേ പ്രവചിക്കുന്ന ടെക് പണ്ഡിതരുണ്ട്. പ്രവചനങ്ങള്‍ക്കൊപ്പം തന്നെ പല കമ്പനികളുടെയും ഭാവി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളുമിറങ്ങുന്നു. ഈ പ്രവചനങ്ങളും ‘റൂമറു’കളുമെല്ലാം കുറെയൊക്കെ യാഥാര്‍ഥ്യമാകാറുണ്ട് എന്നതാണ് രസകരമായ വസ്തുത.

ഈയാഴ്ച ടെക്‌ലോകത്ത് പ്രചരിപ്പിക്കപ്പെട്ട പ്രധാന അഭ്യൂഹം ഇതാണ്-ഗൂഗിള്‍ സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ പോകുന്നു! അടുത്തയിടെയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായി ആല്‍ഫബറ്റ് നിലവില്‍ വന്നത്. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത.

ഗൂഗിള്‍ ഇതുവരെ സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിട്ടില്ലേ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. നെക്‌സസ് എന്ന പേരില്‍ കുറേ വര്‍ഷങ്ങളായി ഗൂഗിള്‍ സ്മാര്‍ട്‌ഫോണുകള്‍ വില്പനയ്‌ക്കെത്തിക്കുന്നുണ്ട്. പക്ഷേ, അവയെല്ലാം മറ്റു കമ്പനികള്‍ ഗൂഗിളിനായി നിര്‍മിച്ചുനല്‍കുന്നതാണ്. തങ്ങള്‍ക്കാവശ്യമായ സ്‌ക്രീന്‍ വലിപ്പവും സാങ്കേതിക വിശദാംശങ്ങളും ഗൂഗിള്‍ പറഞ്ഞുകൊടുക്കും. അതിനനുസരിച്ച് കമ്പനികള്‍ നിര്‍മിച്ചുനല്‍കുന്ന ഫോണുകളില്‍ നെക്‌സസ് ലോഗോ പതിപ്പിച്ച ശേഷം വില്പനയ്‌ക്കെത്തിക്കും.

ഇത്രയും കാലം ഇതായിരുന്നു ഗൂഗിള്‍ ചെയ്തുകൊണ്ടിരുന്നത്. എച്ച്ടിസിയും സാംസങും എല്‍ജിയും മോട്ടറോളയും വാവെയുമൊക്കെ പല കാലങ്ങളിലായി ഇങ്ങനെ ഗൂഗിളിനായി നെക്‌സസ് ഫോണുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ഏറ്റവുമൊടുവിലിറങ്ങിയ നെക്‌സസ് 5എക്‌സ് എല്‍ജിയും, നെക്‌സസ് 6പി വാവെയുമാണ് ഗൂഗിളിനായി നിര്‍മിച്ചത്. നെക്‌സസ് പരമ്പരയിലെ ടാബ്‌ലറ്റുകളുടെ കഥയും ഇങ്ങനെ തന്നെ.

ഇത്തരം കരാര്‍ ഏര്‍പ്പാടുകള്‍ നിര്‍ത്തി സ്വന്തമായി ഫോണ്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ഗൂഗിള്‍ ആലോചിച്ചുതുടങ്ങി എന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ലെങ്കിലും സംഗതി സത്യമാണെന്ന മട്ടിലാണ് ടെക്‌നോളജി വെബ്‌സൈറ്റുകളിലെ ചര്‍ച്ച നീങ്ങുന്നത്.

രണ്ടു കാര്യങ്ങളാണ് ഇത്തരമൊരു ആലോചനയ്ക്ക് ഗൂഗിളിനെ പ്രേരിപ്പിക്കുന്നതത്രേ. സ്വന്തമായി ഫോണ്‍ നിര്‍മിച്ചാല്‍ അതിന്റെ നിര്‍മാണഘട്ടങ്ങളില്‍ പൂര്‍ണമായി ഗൂഗിളിന് ഇടപെടാം. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്‌പെസിഫിക്കേഷനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും, വിപണിയുടെ പ്രിയമറിഞ്ഞ് ഉല്പാദനം വേഗത്തിലാക്കാനുമൊക്കെ ഗൂഗിളിന് സ്വാതന്ത്ര്യം ലഭിക്കും.

രണ്ടാമത്തെ കാര്യം ഐഫോണ്‍ എന്ന എതിരാളിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനമാണ്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വലിയ സ്ഥാനമുണ്ടെങ്കില്‍ പോലും ലാഭമുണ്ടാക്കുന്ന കാര്യത്തില്‍ ആപ്പിള്‍ ഐഫോണിനേക്കാള്‍ പുറകിലാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടേറെ പേരെ ഐഫോണിലേക്ക് കൊണ്ടുവരാന്‍ ആപ്പിളിന് സാധിക്കുന്നുമുണ്ട്. നൂറായിരം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറങ്ങുന്നുണ്ടെങ്കിലും ഐഫോണിന് പ്രതിയോഗിയാകാന്‍ അവയ്‌ക്കൊന്നും സാധിക്കില്ലെന്നത് ഏവരും സമ്മതിക്കുന്ന കാര്യം. ഗൂഗിള്‍ സ്വന്തമായിറക്കുന്ന ഒരു പ്രീമിയം ഫഌഗ്ഷിപ്പ് മോഡല്‍, ഐഫോണിന് ഒത്ത എതിരാളിയാകുമെന്ന കാര്യം ഉറപ്പ്.

സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുകയെന്ന മോഹം ഗൂഗിളിന് പണ്ടേയുണ്ട്. ആ ലക്ഷ്യത്തോടെയാണ് ജര്‍മന്‍ കമ്പനിയായ മോട്ടറോളയെ ഗൂഗിള്‍ എറ്റെടുത്തത്. മോട്ടറോള നെക്‌സസ് എന്നൊരു മോഡല്‍ കമ്പനി പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഒഎസ് വികസിപ്പിക്കുമ്പോള്‍ സ്വന്തം കമ്പനിക്ക് പ്രത്യേക പരിഗണന നല്‍കുന്നു എന്ന വിമര്‍ശനം ഉയരാതിരിക്കാന്‍ മോട്ടറോളയുടെ ഫോണ്‍നിര്‍മാണ വിഭാഗത്തെ പിന്നീട് ലെനോവോയ്ക്ക് ഗൂഗിള്‍ വിറ്റു.

സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചാലും ഇതേ വിമര്‍ശനം ഉയരില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. നിലവില്‍ ഐഫോണ്‍ എന്ന എതിരാളി മാത്രമേയുള്ളൂ ഗൂഗിളിന്റെ മനസിലെന്നാണ് റിപ്പോര്‍ട്ട്. ആ ശത്രുവിനെ തോല്‍പ്പിക്കാനുള്ള നീക്കത്തില്‍ യുദ്ധനീതിയില്‍ അല്പം വെള്ളം ചേര്‍ക്കാനും ഗൂഗിള്‍ തയ്യാറാകും എന്നുവേണം കരുതാന്‍.

Leave a Reply

Your email address will not be published.