ഡാളസ്സില്‍ കനത്ത മഴയും, വെള്ളപൊക്ക മുന്നറിയിപ്പും-481 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

12:13pm 19/4/2016
പി.പി.ചെറിയാന്‍
unnamed (2)
ഡാളസ്: ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്.
1908 നു ശേഷം ഏപ്രില്‍ 17ന് ഉണ്ടായ ഏറ്റവും വലിയ തോതിലുള്ള മഴയാണ് ഇന്ന് ഇവിടെ ലഭിച്ചത്. മിനറല്‍ വെല്‍സില്‍ 7.18 ഇഞ്ചും, ഫോര്‍ട്ട് വര്‍ത്തില്‍ 2.43 ഇഞ്ചും മഴയും ലഭിച്ചു. ട്രിനിറ്റി റിവറിന്റെ ജലനിരപ്പു അപകടരമാം വിധം ഉയര്‍ന്നിട്ടുണ്ട്. ജോണ്‍സണ്‍ കൗണ്ടിയില്‍ ജലനിരപ്പു ഉയര്‍ന്നതിനാല്‍ വാഹന ഗതാഗതം താറുമാറായി.

ഡാളസ് ഫോര്‍ട്ട് വത്തില്‍ ഇന്ന് നടക്കേണ്ട ടെക്‌സസ് റേജേഴ്‌സ്- ബാള്‍ട്ടിമോര്‍ മത്സരം മഴ മൂലം മാറ്റിവെച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തിലെ 627 സര്‍വ്വീസുകള്‍ വൈകുകയും, 481 ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ എയര്‍ലൈന്‍സില്‍ വിളിച്ചു സര്‍വ്വീസു ഉണ്ടാകുമോ എന്ന ഉറപ്പു വരുത്തിയിട്ടുവേണം യാത്രക്കു പുറപ്പെടുവാന്‍ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്