തിരുവനന്തപുരത്ത് വില്ലേജ് ഓഫിസിൽ സ്ഫോടനം; ഏഴുപേർക്ക് പരിക്ക്

0430pm PM 28/04/2016
13103264_1742379399316607_5162937260811908311_n
തിരുവനന്തപുരം: ജില്ലയിലെ വെള്ളറട വില്ലേജ് ഓഫിസിൽ സ്ഫോടനം. ഉദ്യോഗസ്ഥരുൾപ്പടെ ഏഴുപേർക്ക് പരിക്കേറ്റു. വില്ലേജ് അസിസ്റ്റന്‍റ് വേണുഗോപാലിന്‍റെ നില ഗുരുതരമാണ്. ഫയലുകളും രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്.

രാവിലെ 11മണിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ കൈയിൽ കരുതിയ പാക്കറ്റുമായി ഒാഫീസിനകത്ത് കയറുകയായിരുന്നു. തുടർന്ന് പാക്കറ്റിന് തീ കൊളുത്തിയപ്പോൾ ആളിപ്പടർന്നു. ഫയലുകൾക്കും ഫർണീച്ചറുകൾക്കും തീ പിടിച്ചു. പരിഭ്രാന്തരായ ഒാഫീസ് ജീവനക്കാർ തീ പടർന്നതോടെ ടോയ് ലെറ്റിൽ അഭയം തേടുകയായിരുന്നു. ഇതിനിടെ അക്രമി ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായിട്ടില്ല. ഒടുവിൽ നാട്ടുകാരെത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.വില്ലേജ് ഓഫിസ് ജീവനക്കാർക്ക് പുറമെ കരമടക്കാൻ വന്നവർക്കും പൊള്ളലേറ്റിട്ടുണ്ട്.

വില്ലേജ് ഒാഫീസിൽ നടന്നത് ഏതെങ്കിലും തരത്തിലുള്ള ബോംബാക്രമണമല്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ബിജു പ്രഭാകർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു.