പാക് സംഘം പത്താന്‍കോട്ടിലേക്ക്; വ്യോമസേന ആസ്ഥാനത്ത് പ്രതിഷേധം

12:20pm 29/3/2016
download (1)
ന്യൂഡല്‍ഹി: പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് സംഘം പത്താന്‍കോട്ട് വ്യോമ സേനാ താവളത്തിലേക്ക് തിരിച്ചു. രാവിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ സംഘം ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് പത്താന്‍കോട്ടേക്ക് തിരിച്ചത്. പാകിസ്താനിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഡല്‍ഹിയിലെത്തിയത്. പാക് ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലഹോര്‍ മുഹമ്മദ് അസിം അര്‍ഷാദ്, മിലിട്ടറി ഇന്റലിജന്‍സ് ലഫ്.കേണല്‍ ഇര്‍ഫാന്‍ മിര്‍സ, ഐ.എസ്.ഐ.യുടെ ലഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, ഗുജ്‌റാന്‍ വാലയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷഹീദ് തന്‍വീര്‍ എന്നിവരാണ് സംഘാംഗങ്ങള്‍.

എന്നാല്‍, തന്ത്രപ്രധാന മേഖലകളിലേക്ക് സംഘത്തെ പ്രവേശിപ്പിക്കില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് സംഘത്തിന് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വ്യോമസേനാ താവളത്തിലെ മറ്റു സ്ഥലങ്ങള്‍ മറച്ചുകെട്ടിയിരിക്കുകയാണ്. ഗുര്‍ദാസ്പുര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, പാചകക്കാരന്‍ മദന്‍ ഗോപാല്‍, സല്‍വീന്ദര്‍ സിങിന്റെ സുഹൃത്ത് രാജേഷ് വര്‍മ എന്നിവരില്‍നിന്ന് സംഘം മൊഴിയെടുക്കും. എന്നാല്‍, എന്‍.എസ്.ജി, ബി.എസ്.എഫ്. എന്നിവയുടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പാക്‌സംഘത്തിന് അനുമതിയില്ല.

അതേസമയം, തന്ത്രപ്രധാനമായ വ്യോമതാവളത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയുടെ പ്രതിനിധികൂടി ഉള്‍പ്പെട്ട പാക് സംഘത്തെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വ്യോമസേന ആസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്. പാക്‌സംഘത്തെ തടയുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ഇന്ത്യയില്‍ നിരന്തരം ആക്രമണം സംഘടിപ്പിക്കുന്ന ഐ.എസ്.ഐക്കും പാകിസ്താനും മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നതില്‍ പാകിസ്താന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നിരിക്കെ, പാക് സംഘത്തെ പത്താന്‍കോട്ടില്‍ കൊണ്ടുപോയ മോദിസര്‍ക്കാറിന് പിഴച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.