ബംഗ്ലാദേശില്‍ സ്വവര്‍ഗാനുകൂല പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു

05:30pm 26/4/2016

images

ധാക്ക: സ്വവര്‍ഗാനുകൂലികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന രണ്ട് പേര്‍ ബംഗ്ലാദേശ് തലസ്ഥാനത്ത് കുത്തേറ്റ് മരിച്ചു. ഭിന്ന ലിംഗക്കാരെ അനുകൂലിക്കുന്ന മാസികയുടെ എഡിറ്ററാണ് മരിച്ചവരിലൊരാള്‍. ജുല്‍ഹാസ് മന്നാന്‍, തനായ് മജൂംദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ധാക്ക കാലബാഗനിലെ അപാര്‍ട്‌മെന്റില്‍ ആറുപേരടങ്ങുന്ന സംഘം രണ്ട് പേരെ കുത്തിക്കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കൊലക്ക് പിന്നില്‍ പ്രതിപക്ഷവുമായി ബന്ധമുള്ള സായുധ സംഘമാണെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആരോപിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ തള്ളി. രണ്ട് ദിവസം മുമ്പ് സര്‍വകലാശാല അധ്യാപകനും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഐ.എസ്, അല്‍ഖാഇദ അനുകൂല വിഭാഗമാണെന്നാണ് ആരോപണം. രാജ്യത്ത് തുടര്‍ച്ചയായി ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ളര്‍ സായുധ സംഘത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്.