മലയാളി മെഗാ ടെന്നീസ് ടൂര്‍ണമെന്റ് വന്‍ വിജയമായി

12:55pm 24/4/2016

ജോയിച്ചന്‍ പുതുക്കുളം

tennistournament_pic3
മയാമി: പൈന്‍സ് റിക്രിയേഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്‌ളോറിഡയില്‍ സംഘടിപ്പിച്ച മലയാളി ടെന്നിസ് ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി റെവ. ഫാദര്‍ കുര്യാക്കോസ് കുമ്പക്കില്‍ ജനുവരി 8ന് ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ 32 മലയാളി ടെന്നിസ് താരങ്ങള്‍ പങ്കെടുത്തു. ക്ലബ് പ്രെസിഡെന്റ് കൂടെയായ ജിജോ ജോണ്‍ ചാമ്പ്യന്‍ഷിപ്പും സാനിയോ മാത്യു റണ്ണര്‍ അപ്പും ഗിരീഷ് ഗോപാലകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തില്‍ 30 വര്‍ഷത്തിനു മുകളില്‍ ടെന്നിസ് കളിച്ചു തഴക്കവും പഴക്കവും ചെന്ന സിറിള്‍ ചോരത്ത്, ജെയിംസ് പീറ്റര്‍ എന്നിവര്‍ക്ക് ലൈഫ് അച്ചീവ്‌മെന്റ് ടെന്നിസ് അവാര്‍ഡും കൊടുത്തു. ചാമ്പ്യനുള്ള ട്രോഫിയും കാഷ് അവാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തത് യുണൈറ്റഡ് റിയല്‍റ്റി സന്തോഷ് സാമുവല്‍, ജോസ് സെബാസ്റ്റ്യന്‍ എന്നിവരും; റണ്ണര്‍ അപ്പിനുള്ള ട്രോഫിയും കാഷ് അവാര്‍ഡും ജോഷ് റിയല്‍റ്റി ചെറിയാന്‍ ചാക്കോയും; മൂന്നാം സ്ഥാനം നവകേരള പ്രസിഡന്റ് ജെയിംസ് പുളിക്കല്‍ എന്നിവരുമായിരുന്നു. അതോടൊപ്പം നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍ സുമീദ് സുരേന്ദര്‍, റണ്ണര്‍ അപ്പ് കവിന്‍ ചന്ദ്രശേഖര്‍, മൂന്നാം സ്ഥാനം നേടിയ ബേസില്‍ ബ്ലെസ്സി എന്നിവര്‍ക്ക് യഥാക്രമം റ്റോമി & പ്രറ്റി ദേവസ്യ, രശ്മി സുനില്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സമ്മാനദാനം നടത്തി.

ആദ്യമായി സൗത്ത് ഫ്‌ളോറിഡയില്‍ സംഘടിപ്പിക്കപ്പെട്ട ഈ വന്‍ ടെന്നിസ് ടൂര്‍ണമെന്റ് കാണുന്നതിനായി കേരള സമാജം മുന്‍ പ്രസിഡന്റ് സജി സക്കറിയാസ്, നവകേരള പ്രസിഡന്റ് ജെയിംസ് പുളിക്കല്‍, പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ തൈമറ്റം, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജൂബിന്‍ കുളങ്ങര മുതലായവരുള്‍പ്പെടെ പല പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു.

പൈന്‍സ് റിക്രിയേഷണല്‍ ക്ലബ് വൈസ് പ്രെസിഡന്റ് ബിജു ആന്റണിയും സൈമണ്‍ പി. സൈമണും ടൂര്‍ണ്ണമെന്റിന്റെ മേല്‍ന്നോട്ടം വഹിക്കുകയും സെക്രട്ടറി ജോസ് വെമ്പാല അതിഥികള്‍ക്ക് സ്വാഗതമാശംസിക്കുകയും ചെയ്തു.

വളര്‍ന്നു വരുന്ന തലമുറയിലെ കുട്ടികള്‍ക്ക് വേണ്ടി 2016 വേനലവധിക്ക് ഒരു ടെന്നീസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൈന്‍സ് റിക്രിയേഷണല്‍ ക്ലബ്.

ക്ലബ് പ്രെസിഡന്റ് ജിജോ ജോണ്‍ അറിയിച്ചതാണിത്.