വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

12.56 PM 12-04-2016
umman-chandi
പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ദുരിതാശ്വാസ സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതില്‍ 10 കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കിയ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ 1,039 പേരെ ഇതുവരെ ചികിത്സ തേടി. നിലവില്‍ 351 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 27 പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരില്‍ നിന്നു സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് പണം വാങ്ങിയെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടു. ദുരന്തത്തില്‍ പരിക്കേറ്റതാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിക്കാത്തതിനാലാണ് പണം ഈടാക്കിയത്. വാങ്ങിയ പണം സര്‍ക്കാര്‍ തിരികെ നല്‍കും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടേതടക്കം എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിന് സര്‍വകക്ഷി യോഗം ചേരും. വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട് കാര്യത്തില്‍ അന്തിമ തീരുമാനം സര്‍വകക്ഷി യോഗത്തില്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നടത്തിയ അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി വിഎസ്.ശിവകുമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഇളങ്കോവല്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്്, വിവിധ ഡോക്ടര്‍മാര്‍, എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.