സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വം കലാകേരളത്തിന് ലഭിച്ച വിഷുക്കൈനീട്ടം: കെ.എച്ച്.എന്‍.എ

08:50am 7/5/2016
Newsimg1_58817144
ഷിക്കാഗോ: കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ മലയാള ചലച്ചിത്ര ലോകത്തെ ധന്യമാക്കി ഭരത് അവാര്‍ഡ് ബഹുമതി വരെ നേടിയെടുത്ത സുരേഷ് ഗോപിയെ, ഭാരതത്തിലെ മികച്ച കലാ-സാംസ്കാരിക പ്രതിഭകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കലാകേരളത്തിനു ലഭിച്ച ഇക്കൊല്ലത്തെ വിഷുക്കൈനീട്ടമായി കാണുന്നുവെന്ന് കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പട്ടു.

വിവിധ തെന്നിന്ത്യന്‍ സിനികളിലെ അഭിനയജീവിതത്തിനും, ടെലിവിഷന്‍ രംഗത്തെ അവതാരക പൊലിമകള്‍ക്കും മധ്യേ നില്‍ക്കുമ്പോഴും എയ്ഡ്‌സ് ബാധിച്ച അനേകം പിഞ്ചുബാല്യങ്ങളെ മാറോട് ചേര്‍ത്ത് സാന്ത്വനിപ്പിക്കാനും, എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍ഗോഡ് നിവാസികള്‍ക്ക് ഭവനദാനമുള്‍പ്പടെയുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ നാടന്‍ പശുക്കളെ സംരക്ഷിച്ച് നമ്മുടെ ജൈവസമ്പത്ത് നിലനിര്‍ത്തുവാനും സമയം കണ്ടെത്തുന്ന സുരേഷ് ഗോപി മലയാളത്തിന്റെ അഭിമാനമാണെന്ന് അനുമോദന സന്ദേശത്തില്‍ സെക്രട്ടറി രാജേഷ് കുട്ടി വ്യക്തമാക്കി.

വടക്കേ അമേരിക്കയിലെ വിവിധ മലയാളി കൂട്ടായ്മകളില്‍ പങ്കെടുക്കുകയും പ്രവാസി സമൂഹവുമായി ചിരകാല സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന സുരേഷ്, കെ.എച്ച്.എന്‍.എ ബോര്‍ഡ് അംഗം സനല്‍ ഗോപിയുടെ സഹോദരനാണ്. സതീശന്‍ നായര്‍ അറിയിച്ചതാണിത്.