സോളാര്‍കേസില്‍ മുഖ്യമന്ത്രിയെ ഉടന്‍ പുനര്‍ വിസ്തരിക്കേണ്ടതില്ലെന്ന് കമ്മിഷന്‍

06:33pm 26/4/2016
download (2)
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഉടന്‍ പുനര്‍ വിചാരണ ചെയ്യേണ്ട ആവശ്യമില്ലെന്ന് സോളാര്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി ശിവരാജന്‍. നിശ്ചയച്ചിട്ടുളള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
സരിതയുടെ അഭിഭാഷകനായിരുന്ന ഫെനിബാലകൃഷ്ണന്‍ താന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കിയി സാഹചര്യത്തില്‍ ഫെനിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടി ഇല്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി കളവാണെന്നും അദ്ദേഹത്തെ ഉടന്‍ വീണ്ടും വിസ്തരിക്കണമെന്നുമായിരുന്നു ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂനിയന്റ് ആവശ്യം.
ലോയേഴ്‌സ് യൂനിയന്റെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകരുടെ വാദം കേട്ട കമ്മീഷന്‍ മുഖ്യമന്ത്രിയെ ഇപ്പോള്‍ വിസ്തരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഫെനിയുടെ ടെലഫോണ്‍ രേഖകള്‍ കമ്മീഷന്റെ പക്കലുണ്ട്. സാക്ഷിവിസ്താരങ്ങളെല്ലാം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കാം. ഇതിന് കമ്മിഷന് അധികാരമുണ്ട്. ലോയഴേസ് യൂനിയന്റെ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകര്‍ക്ക് കമ്മിഷന്‍ അനുമതിയും നല്‍കി.
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സോളര്‍ കമ്മിഷന്റെ നടപടികള്‍ ഏകപക്ഷീയമായി മാറുന്നുവെന്നു മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചതു നിസാരമായി കാണാനാവില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷനെ നീതീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞതെന്നും മറിച്ചുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടിയില്‍ രാജേന്ദ്രന്‍ വിശദീകരിച്ചു.
കമ്മിഷന്‍ സിറ്റിങ്ങില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തി കമ്മിഷന്റെ നിഷ്പക്ഷതയെപ്പറ്റി മാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചത് അത്യന്തം ഗൗരവത്തോടെ കാണുന്നതായി കമ്മിഷന്‍ പറഞ്ഞു. കമ്മിഷന്‍ നടപടികളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി നടത്തിയ കൂട്ടിവായനകളുടെ ഉദ്ദേശ്യത്തെക്കുറിച്ചു സംശയമുണ്ട്. കമ്മിഷന്റെ നിഷ്പക്ഷതയെക്കുറിച്ചു സി.പി.എം അനുകൂല സംഘടന വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനായി രണ്ടാഴ്ച സമയം നല്‍കി.
പൊലിസ് അസോസിയേഷന്‍ സുവനീറിനായി പരസ്യമാറ്റര്‍ നല്‍കിയതു ടെന്നി ജോപ്പന്റെ ഇ മെയില്‍ ഐഡി വഴിയാണെന്ന സരിതയു ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ ടെന്നി ജോപ്പന്റെയും ടീം സോളറിന്റെയും മെയില്‍ ഐഡികള്‍ പരിശോധിക്കണമെന്ന അസോസിയേഷന്റെ ഹര്‍ജി കമ്മിഷന്‍ അംഗീകരിച്ചു.