15 രൂപയ്ക്കുവേണ്ടി ദലിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

10:55am 29/7/2016
Newsimg1_85516451
ന്യൂഡല്‍ഹി: കടം വാങ്ങിയ 15 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ കടയുടമ ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാവിലെ ഉത്തര്‍പ്രദേശിലെ മയിന്‍പൂരി ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമയായ അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ദമ്പതികള്‍ അശോക് മിശ്രയുടെ പക്കല്‍ നിന്നും 15 രൂപ കടമായി കൈപ്പറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ പണിസ്ഥലത്തേക്കു പോകുകയായിരുന്ന ദമ്പതികളോട് ഇയാള്‍ പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കൈയില്‍ പണമില്ലെന്നും വൈകിട്ട് മടങ്ങിവരുമ്പോള്‍ പണം തിരിച്ചുനല്‍കാമെന്നും പറഞ്ഞ ദമ്പതികളെ അശോക് മിശ്ര തടഞ്ഞുവച്ചു.

ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോപാകുലനായ അശോക് മിശ്ര, കടയില്‍നിന്നും മഴുവെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ദമ്പതികള്‍ റോഡില്‍ തളര്‍ന്നുവീഴുംവരെ ആക്രമണം തുടര്‍ന്ന മിശ്ര, പിന്നീട് സ്ഥലം വിട്ടു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു. ഒരു കൂട് ബിസ്കറ്റ് വാങ്ങാനായിട്ടാണ് തന്റെ മകന്‍ 15 രൂപ കടയില്‍നിന്നും കടമായി വാങ്ങിയതെന്ന് മരിച്ച യുവാവിന്റെ അമ്മ പിന്നീട് പറ­ഞ്ഞു.