11:37 AM 30/06/2016
തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം വ്യാഴാഴ്ച പുറപ്പെടുവിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍െറ നേതൃത്വത്തിലാണ് തയാറാക്കിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ സാമ്പത്തിക നടപടികള്‍ ധവളപത്രം തുറന്നുകാട്ടും. പൊതുകടം, സര്‍ക്കാറിന് അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട സാമ്പത്തിക ബാധ്യത, നികുതി വരുമാനത്തില്‍ വന്ന കുറവ്, സര്‍ക്കാര്‍ ചെലവുകളിലെ വര്‍ധന, പലിശബാധ്യത, റവന്യൂ-ധന കമ്മികളില്‍ വന്ന വര്‍ധന എന്നിവയൊക്കെ ഇതില്‍ വിശദമായി പ്രതിപാദിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ധവളപത്രത്തിന്‍െറ കരടിന് മന്ത്രിസഭ അംഗീകാരം നല്കി.
പൊതുകടം ഒന്നരലക്ഷം കോടി കടന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കടം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയായി. സര്‍ക്കാര്‍ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 5965 കോടിയുടേതാണ്. പെന്ഷന് കുടിശ്ശിക 1000 കോടിയും വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ള ബില്‍ 2000 കോടിയും കരാറുകാര്‍ക്ക് നല്‍കാനുള്ള 1600 കോടിയും ഉള്‍പ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും റവന്യൂ കുടിശ്ശിക 12,608 കോടി പിരിച്ചെടുക്കാനുണ്ട്. ഇതില്‍ 7,695 കോടി നിയമനടപടികളിലാണ്. 5013 കോടി പിരിക്കുന്നതിന് പ്രയാസമില്ല.
15 വര്‍ഷത്തെ സാമ്പത്തികനില തുറന്നുകാട്ടുന്നതായിരിക്കും ധവളപത്രം. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ അവസാന കാലവുമായി താരതമ്യപ്പെടുത്തുന്നതാകും ധവളപത്രം. നികുതിപിരിവിലെ വളര്‍ച്ചാ നിരക്കിന്‍െറ താരതമ്യവും ഇതിലുണ്ടാകും. 2001ല്‍ ആന്റണി സര്‍ക്കാറും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചിരുന്നു.