17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു

12:24 PM 21/12/2016

download

ന്യൂഡൽഹി: നജഫ്ഗഡിൽ 17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു. വീടിന് പുറത്ത് മെഴ്സിഡസ് കാറിൽ വെച്ചായിരുന്നു സംഭവം. വെടിവെച്ച സുഹൃത്ത് ഉടൻതന്നെ ഓടിരക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഉച്ചഭക്ഷണവും ഷോപ്പിങ്ങും കഴിഞ്ഞ് ഏഴരയോടെ മടങ്ങിയെത്തിയ മകളെ കാത്ത് വീടിന് പുറത്ത് അമ്മ നിൽക്കവെയാണ് സംഭവമുണ്ടായത്. സംഭവത്തിന് തൊട്ട് മുൻപ് മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു.

മകളും ശുഭം, യോഗേഷ് എന്നീ സുഹൃത്തുക്കളും കാറിൽ നിന്നിറങ്ങുന്നത് നോക്കിനിൽക്കുകയായിരുന്നു അമ്മ. സുഹൃത്തായ യോഗേഷ് പുറത്തിറങ്ങിയതിന് ശേഷം കാറിനകത്ത് നിന്നും വെടിയൊച്ച കേൾക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്. ശുഭം അപ്പോൾത്തന്നെ ഓടിരക്ഷപ്പെട്ടു. യോഗേഷും അമ്മയും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശുഭവും വീട്ടുകാരം ഒളിവിലാണ് എന്നാണ് സൂചന.