2597 മൈല്‍ പറന്നുവന്ന് റോഹി ശര്‍മ്മ വോട്ട് രേഖപ്പെടുത്തി.

11:44 am 10/11/2016

– പി. പി. ചെറിയാന്‍
Sharma

കലിഫോര്‍ണിയ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതിരിക്കുകയോ… ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയായ റോഹി ശര്‍മ്മയ്ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല.

627 ഡോളര്‍ വിമാന ടിക്കറ്റെടുത്താണ് ശര്‍മ്മ വോട്ട് ചെയ്യുന്നതിന് മാസാചുസിറ്റ്‌സിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും 2597 മൈല്‍ പറന്ന് കലിഫോര്‍ണിയായിലെ പോളിങ്ങ് ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്.

പോസ്റ്റല്‍ വോട്ട് ചെയ്തത് നഷ്ടപ്പെട്ടതു മനസ്സിലാക്കിയ റോഹി ശര്‍മ്മ പല തവണ കലിഫോര്‍ണിയ പോളിങ് ഓഫീസറുമായി ബന്ധപ്പെട്ടു. മെയില്‍ ഇന്‍ ബാലറ്റിന്റെ സമയ പരിധി കഴിഞ്ഞതിനാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താനാവില്ല എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഹിലറിയുടെ ആരാധികയായ ശര്‍മ്മയ്ക്ക് വേറൊരു പോം വഴിയും ഉണ്ടായിരുന്നില്ല. കോളജില്‍ നിന്നും അവധിയെടുത്ത് ജന്മ സ്ഥലമായ കലിഫോര്‍ണിയയില്‍ എത്തി നവംബര്‍ 5ന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. വിമാന ടിക്കറ്റിനുളള ചിലവിലേയ്ക്ക് സഹപാഠികളില്‍ നിന്നും ചില സംഭാവനകള്‍ ലഭിച്ചിരുന്നു. കലിഫോര്‍ണിയ സംസ്ഥാനം ആര്‍ക്ക് ലഭിക്കുമെന്നുളള വേവലാതിയൊന്നും ശര്‍മ്മയ്ക്കില്ല. ഹിലറി തന്നെയായിരിക്കും അടുത്ത പ്രസിഡന്റാകുക എന്നാണ് രോഹി ശര്‍മ്മയുടെ ശുഭാപ്തി വിശ്വാസം.

ഇത്തവണ വോട്ട് രേഖപ്പെടുത്തിയതിലൂടെ ചരിത്ര പ്രധാന്യമുളള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമാണ് ശര്‍മ്മയ്ക്കുളളത്.