32 ലക്ഷത്തില്‍പരം എടിഎം കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

09:34 am 21/10/2016

Newsimg1_5733930

മുംബൈ: വിവിധ ബാങ്കുകളുടെ 32 ലക്ഷത്തില്‍പരം എടിഎം/ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 641 പേരുടെ പരാതികള്‍ പ്രകാരം 1.3 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ 70 കോടിയോളം എടിഎം കാര്‍ഡുകളില്‍ 0.5 ശതമാനത്തിലെ വിവരങ്ങള്‍ മാത്രമേ ചോര്‍ന്നിട്ടുള്ളൂ എന്നു കേന്ദ്രധനമന്ത്രാലയം അറിയിച്ചു. നിക്ഷേപകരും പൊതുജനങ്ങളും ഭയപ്പെടേണ്ട കാര്യമില്ല. 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണ്: ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ജി.സി. മുര്‍മു പറഞ്ഞു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് തുടങ്ങി പല ബാങ്കുകളുടെ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി.
ഇതുവരെ 19 ബാങ്കുകളിലെ 641 ഇടപാടുകാരില്‍നിന്നു സംശയാസ്പദമോ അനധികൃതമോ ആയ പണമിടപാട് സംബന്ധിച്ചു പരാതി ലഭിച്ചതായി നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. 1.3 കോടി രൂപയാണ് പരാതികളിലെ മൊത്തം തുക.

പുതുതലമുറ സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്കിന്റെ എടിഎം സംവിധാനത്തില്‍നിന്നാണു രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത്. മേയ്–ജൂലൈ കാലയളവിലെ ഈ ചോര്‍ത്തല്‍ സെപ്റ്റംബറിലാണു കണ്ടെത്തിയത്. തുടര്‍ന്നു ബാങ്കുകാര്‍ അന്വേഷണം നടത്തുകയും രഹസ്യങ്ങള്‍ നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്കു സന്ദേശമയയ്ക്കുകയും ചെയ്തു.

യെസ് ബാങ്കിന്റെ എടിഎമ്മുകളുടെ സാങ്കേതിക നിയന്ത്രണം ഹിറ്റാച്ചി പേമെന്റ് സര്‍വീസസിനാണ്. യെസ് ബാങ്കിനു പുറമേ മറ്റുചില ബാങ്കുകളുടെയും എടിഎമ്മുകള്‍ ഇവരാണു കൈകാര്യം ചെയ്യുന്നത്. ബാങ്ക് ഇല്ലാതെ എടിഎം സേവനം നല്‍കുന്ന (വെള്ള എടിഎമ്മുകള്‍ ഇവരുടേതാണ്) കമ്പനികളുടെ ഇടപാടും ഹിറ്റാച്ചിക്കുണ്ട്.

ഹിറ്റാച്ചി നിയന്ത്രിക്കുന്ന എടിഎമ്മുകളില്‍ ഇടപാടു നടത്തിയവരുടെ വിവരങ്ങളാണു ചോര്‍ന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെയും അസോസ്യേറ്റ് ബാങ്കുകളുടെയും ആറരലക്ഷം എടിഎം കാര്‍ഡുകള്‍ ഇതുമൂലം മാറ്റേണ്ടിവന്നു.

ഹിറ്റാച്ചി എടിഎമ്മുകളില്‍ ശത്രുപ്രോഗ്രാം (മാല്‍വേര്‍) കയറ്റിവിട്ട് അവിടെ ഇടപാട് നടത്തുന്ന കാര്‍ഡുകളില്‍നിന്നു വിവരം ചോര്‍ത്തിയിരിക്കും എന്നാണു നിഗമനം. വിവരമറിഞ്ഞതേ കാര്‍ഡുടമകള്‍ക്കു പിന്‍ മാറ്റാന്‍ സന്ദേശമയച്ചതായി ബാങ്കുകള്‍ പറയുന്നു. പിന്‍ മാറ്റാത്ത കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് വേറെ കാര്‍ഡുകള്‍ നല്‍കിവരികയാണ്. ചില ബാങ്കുകള്‍ ഇന്ന് ഇത്തരം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും.

ചൈനയില്‍നിന്നുള്ള സൈബര്‍ നുഴഞ്ഞുകയറ്റമാണ് ഈ സംഭവത്തില്‍ സംശയിക്കുന്നത്.