40 മില്യന്‍ ഡോളര്‍ തട്ടിപ്പു നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ബാങ്ക് ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തു

01:22pm 30/6/2016

– പി.പി.ചെറിയാന്‍
bankers

ഇല്ലിനോ­യ് : ബാങ്ക് ഇടപാടുകളില്‍ മില്യണ്‍ കണക്കിന് ഡോളര്‍ തട്ടിപ്പു നടത്തിയ ഓക്ക് ബ്രൂക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബാങ്ക് ഉടമസ്ഥരായ പെതിനായിഡു വേലുച്ചാമി, പരമേശ്വരി വേലുച്ചാമി എന്നിവര്‍ക്കെതിരെ ഫെഡറല്‍ അധികൃതര്‍ കേസെടുത്തു. ഹാര്‍വി ബാങ്ക് ഉടമസ്ഥരായ എഴുപത് വയസുളള പെതിനായ്ഡു വേലുച്ചാമി, ഭാര്യ പരമേശ്വരി(65) എന്നിവര്‍ക്കെതിരെ ബാങ്ക് തട്ടിപ്പ്, രേഖകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഫെഡറല്‍ കോടതി കേസെടുത്തിരിക്കുന്നത്.

ഹാര്‍വേയിലുളള മ്യൂച്ചല്‍ ബാങ്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് മ്യൂച്ചല്‍ ബാന്‍ കോര്‍പ് ഓഫ് ഇല്ലിനോയ്‌സ് 2009 മുതല്‍ 2015വരെ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി മറ്റ് വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും വിവരം പുറത്തറിയാതിരിക്കുന്നതിന് രേഖകള്‍ നശിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതില്‍ 18 മില്യണ്‍ രണ്ട് മക്കളുടെ പേരിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മറ്റു പല തട്ടിപ്പുകളും ഇവര്‍ നടത്തിയതായി ഫെഡറല്‍ കോടതി കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ 30 വര്‍ഷം വരെ തടവും ഓരോ അക്കൗണ്ടിനും 1 മില്യണ്‍ ഡോളര്‍ വീതം പിഴവും അടയ്‌ക്കേണ്ടി വരും. ഇല്ലിനോട് ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ നിരവധി പേര്‍ക്ക് ഈ ബാങ്കുമായി ഇടപാടുകള്‍ ഉളളതായി പറയപ്പെടുന്നു.