44 നഗരസഭകള്‍ എല്‍.ഡി.എഫിന്: 39 ഇടത്ത് യു.ഡി.എഫ്: പാലക്കാട് ബി.ജെ.പിക്ക്

തിരുവനന്തപുരം:  നഗരസഭകളിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. 39 നഗരസഭകളില്‍ യു.ഡി.എഫ് ഭരണം നേടി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പാലക്കാട് മാറി. കേരള കോണ്‍ഗ്രസ് എം അംഗം എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഭരണം അട്ടിമറിയിലൂടെ എല്‍.ഡി.എഫ് സ്വന്തമാക്കി. ഇരിട്ടി നഗരസഭയില്‍ മുസ്‌ലിം ലീഗ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ എല്‍.ഡി.എഫിന് ഭരണം നേടാനായി.

ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. അതേസമയം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫ് തന്നെ നേടി. തര്‍ക്കത്തെ തുടര്‍ന്ന് കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ  തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ചാലക്കുടി, കുന്നംകുളം നഗരസഭകളുടെ ഭരണം സ്വതന്ത്രരുടെ പിന്തുണയോടെ എല്‍.ഡി.എഫ് നേടി. പാലക്കാട് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചപ്പോള്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ലഭിച്ചു.

മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് കൊണ്ടോട്ടി നഗരസഭാ ഭരണം മതേതര മുന്നണി നേടി. 18 നെതിരെ 19 പേരുടെ പിന്തുണയോടെയാണ് മതേതര മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ്സിലെ പി.നാടിക്കുട്ടി ചെയര്‍മാനായി. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ മതേതരമുന്നണിക്കൊപ്പം ചേര്‍ന്നു. ഇവിടെ മുസ്‌ലിം ലീഗ് പ്രതിപക്ഷത്തിരിക്കും. കൊണ്ടോട്ടി നഗരസഭയിലെ 40 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്  സി.പി.എം. ബാന്ധവത്തില്‍പിറന്ന  മതേതരവികസന മുന്നണി 21 സീറ്റും ഒറ്റയ്ക്ക് മത്സരിച്ച മുസ്‌ലിംലീഗ് 18 സീറ്റും സ്വന്തമാക്കി.മുന്നണി ഭരണത്തിന്റെ പാരമ്പര്യം മറികടന്ന് കൊണ്ടോട്ടിയില്‍ മതേതര വികസനമുന്നണി അധികാരത്തിലേറുന്നത് രാഷ്ട്രീയചരിത്രത്തിലെ പുതിയൊരു വഴിത്തിരിവാണ്. ഒരുപക്ഷേ കേരളത്തില്‍ത്തന്നെ വിരുദ്ധമുന്നണിയില്‍പ്പെട്ട കോണ്‍ഗ്രസ്‌സി.പി.എം. കക്ഷികളുടെ സഖ്യമാണ് കൊണ്ടോട്ടിയില്‍ അധികാരത്തിലെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

ഇതേ സാഹചര്യം നിലനിന്ന പരപ്പനങ്ങാടിയില്‍ പക്ഷേ ഭരണം യു.ഡി.എഫിനാണ്. ജനകീയവികസനമുന്നണി അധികാരത്തിന്റെ പടിവാതിലില്‍വരെ എത്തിയെങ്കിലും നാല് അംഗങ്ങളുള്ള ബി.ജെ.പി പുത്തന്‍ കൂട്ടുകെട്ടിന് എതിരെ വോട്ടിങ്ങില്‍ നിലപാടെടുത്തതോടെ ലീഗിന്റെ നേതൃത്വത്തില്‍ തന്നെ യു.ഡി.എഫ് ഭരണം നേടുകയായിരുന്നു.

പയ്യോളിയില്‍ മുസ്‌ലിം ലീഗിലെ അഡ്വ.കുല്‍സു ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ മഠത്തില്‍ നാണുവാണ് വൈസ് ചെയര്‍മാന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് 19 ഉം എല്‍.ഡി.എഫിന് 17 ഉം വോട്ടുകള്‍ വീതം ലഭിച്ചു. ഫറോഖില്‍ മുസ്‌ലിം ലീഗിലെ ടി.സുഹറാബി ചെയര്‍പേഴ്‌സണായപ്പോള്‍ കോണ്‍ഗ്രസിലെ മുഹമ്മദ്. വി ഹസ്സന്‍ വൈസ് ചെയര്‍മാനുമായി. കൊയിലാണ്ടിയില്‍ സി.പി.എമ്മിലെ കെ സത്യന്‍ ചെയര്‍മാനും കെ.വി പത്മിനി വൈസ് ചെയര്‍പേഴ്‌സണുമായി.

5,186 thoughts on “44 നഗരസഭകള്‍ എല്‍.ഡി.എഫിന്: 39 ഇടത്ത് യു.ഡി.എഫ്: പാലക്കാട് ബി.ജെ.പിക്ക്