45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം

– പി. പി. ചെറിയാന്‍
unnamed (1)

ന്യുയോര്‍ക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലുന്നതിന് യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. നാഷനല്‍ വൈല്‍ഡ് ഹോഴ്‌സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സംയുക്തമായാണ് തീരുമാനമെടുത്തത്. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റി രംഗത്തെത്തി. കുതിരകളെ കൊല്ലുന്നതിനുപകരം, വംശ വര്‍ദ്ധന തടയുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം.

ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന കുതിരകളുടെ ചിലവിനായി 50 മില്യണ്‍ ഡോളറാണ് ഓരോ വര്‍ഷവും ചിലവിടുന്നതെന്ന് ബ്യൂറോ പറയുന്നു. 2015ല്‍ അമേരിക്കയില്‍ 3.2 മില്യണ്‍ മൃഗങ്ങളെയാണ് കൊന്നൊടുക്കിയതെന്ന് ഗവണ്‍മെന്റ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അര മില്യണ്‍ അധികമാണിത്.

കലിഫോര്‍ണിയ, നവേദ തുടങ്ങിയ സ്ഥലങ്ങളില്‍ 67,000 കുതിരകളാണ് ഗവ. ഫെസിലിറ്റികളില്‍ കഴിയുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഗവണ്‍മെന്റ് തീരുമാനം പുനഃപരിശോധിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.