53 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; അതില്‍ ഒന്നാം സ്ഥാനം കെഎസ്ആര്‍ടിസി

02:58pm 28/6/2016

download (7)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളും വന്‍നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 53 എണ്ണം കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ 889 കോടി രൂപയുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. എന്നാല്‍ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്നും സിഎജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. ഇതില്‍ നാലു സ്ഥാപനങ്ങള്‍ ലാഭ-നഷ്ടം വരുത്താതെ പ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളതു പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയാണ്. കെഎസ്ആര്‍ടിസിയുടെ നഷ്ടം 508 കോടി രൂപയാണെന്നു കണക്കാക്കുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ 127 കോടിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 89 കോടിയുടേയും നഷ്ടം വരുത്തിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ്(കെഎസ്ഇബി) ലിമിറ്റഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് 498 കോടി രൂപയുടെ ലാഭമാണ് ഈ സ്ഥാപനങ്ങള്‍ നേടി കൊടുത്തത്. കെഎസ്ഇബിയുടെ ലാഭം 140 കോടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഷ്ടകണക്കില്‍ 102 കോടി രൂപ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള നടപടികള്‍ കാരണമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിരിച്ചു വിടുകയോ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കുകയോ ചെയ്യണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നു. അല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ സര്‍ക്കാരിന് വലിയ ബാധ്യതയായി ഇവ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.