03:15pm 28/6/2016
ഇഞ്ചിയുടെ ആരോഗ്യസിദ്ധികളും പോഷക സിദ്ധികളും അമൂല്യം. ഇഞ്ചി ചതച്ചു ചേര്‍ത്താല്‍ ചായയ്ക്കു രുചിയേറും, ഗുണവും. ഇഞ്ചിയിലുളള ആന്റി ഓക്സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. യാത്രയ്ക്കു പുറപ്പെടും മുമ്പ് ഇഞ്ചി ചേര്‍ത്ത ചായ കഴിച്ചാല്‍ യാത്രയ്ക്കിടയില്‍ മനംപിരട്ടലും ഛര്‍ദിക്കുമുളള സാധ്യത കുറയ്ക്കാം. സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു.
വിറ്റാമിന്‍ എ,സി,ഇ, ബി കോംപ്ലക്സ്, ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാല്‍സ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയില്‍ ധാരാളം. ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുമ്പോള്‍ ഇഞ്ചിയും ഉപ്പും ചേര്‍ത്തു ചതച്ചു കഴിച്ചാല്‍ മതിയെന്നു പഴമക്കാരുടെ ആരോഗ്യപുസ്തകം.
ആമാശയ സ്തംഭനം ഒഴിവാക്കാന്‍ ഇഞ്ചി ഫലപ്രദം. അമാശയവ്യവസ്ഥയിലെ പേശികള്‍ അയവുളളതാക്കാന്‍ സഹായകം. ഗ്യാസും വയറു വീര്‍ത്തു വരുന്നതും തടയുന്നു. ബാക്ടീകരിയ മൂലമുണ്ടാകുന്ന അതിസാരത്തിന്റെ ചികിത്സയ്ക്കും സഹായകം. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു.