90കാരിക്ക് പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

08:26 am 22/9/2016
download
കടയ്‌ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം അതിക്രമത്തിന് ഇരയായ വൃദ്ധയുടെ രഹസ്യ മൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി
വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, പ്രകൃതി വിരുദ്ധ പീഡനം, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതി ബാബു എന്ന് വിളിക്കുന്ന വിജയകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കും. പീഡനത്തിനുള്ള വകുപ്പ് ചേര്‍ത്തതിനാല്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇയ്യാള്‍ക്കെതിരെ മുന്‍പും പീഡനശ്രമത്തിന് പരാതി ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ആളാണ് പ്രതിയെന്നും മൊഴി ലഭിച്ചിട്ടുണ്ട്.
തിരുവോണ ദിവസം രാത്രി 11 മണിയോടെ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇയ്യാള്‍ക്ക് എതിരെയുള്ള പരാതി. അന്വേഷണത്തിന്റെ ഭാഗമായി സമീപവാസികളില്‍ നിന്നും മറ്റും പൊലീസ് കൂടുതല്‍ മൊഴി രേഖപ്പടുത്തും. പീഡനത്തിന് ഇരയായ അമ്മയുടെ രഹസ്യമൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനും പൊലീസ് ശ്രമം നടത്തുന്നുണ്ട്. മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം സംഭത്തിന്റെ പശ്ചതലത്തില്‍ കോണ്‍ഗ്രസ് ഇന്ന് കടയ്‌ക്കലില്‍ പ്രതിഷേധ ധര്‍ണ നടത്തും. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ധര്‍ണയില്‍ പങ്കെടുക്കും.