കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. നേരെ ആലുവ പാലസിലേക്ക് പോകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അഡ്വക്കേറ്റ് ജനറലിനെ കാണാനായി മുഖ്യമന്ത്രി എട്ട് മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. അല്പസമയത്തിന് ശേഷം കെ.പി. ദണ്ഡപാണിയുംഇവിടെയെത്തി.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത് എന്നാണറിയുന്നത്. പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്നും ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടായ പരാമര്‍ശം നീക്കിക്കിട്ടാന്‍ എന്താണ് പോംവഴി എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഇക്കാര്യം പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. അതിന് മുന്‍പ് ഏതു വിധേനയും പരാമര്‍ശം നീക്കിക്കിട്ടാനായി എന്ത് നിയമനടപടികള്‍ സ്വീകരിക്കണം എന്നതായിരിക്കും ആലോചന.
രണ്ടാമതായി, ലാവലിന്‍ കേസില്‍ പിണറായി വിജയനെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയതിന് എതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈകോടതി രണ്ടു മാസത്തേക്ക് മാറ്റിവെച്ചത് സര്‍ക്കാരിന് വന്‍പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മറ്റെന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനാവുമോ എന്നും ഇവര്‍ ചര്‍ച്ച ചെയ്തതായി അറിയുന്നു.