അബ്ദുള്ളക്കുട്ടി പറഞ്ഞത് കളളം :സരിത

saritha-s-nair-press-conference-photos-00741
2/2/2016

കൊച്ചി : എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് എതിരായ പരാതിയിലുള്ള കാര്യങ്ങളില്‍ അവാസ്തവമില്ലെന്ന് സരിത. പരാതിയിലുള്ള കാര്യങ്ങളെല്ലാം സത്യം തന്നെയാണ്. എന്നാല്‍, അത്തരമൊരു പരാതി നല്‍കാന്‍ താന്‍ സ്വമേധയാ ആഗ്രഹിച്ചിരുന്നില്ല. സോളാര്‍ വിവാദം തണുപ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തമ്പാനൂര്‍ രവിയുടെ പറഞ്ഞിട്ടാണ് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നല്‍കിയത്.
അതേസമയം, തന്നെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത് കളവാണെന്നും സരിത കൂട്ടിച്ചേര്‍ത്തു. അബ്ദുള്ളക്കുട്ടിയെ താന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിട്ടുമുണ്ട്. ലൈംഗീകാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലകുറഞ്ഞകാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും മൊഴി നല്‍കിയ പുറത്തുവന്ന ശേഷം സരിത മാധ്യമങ്ങളോട് പ്രതികരിച്ചു.
സരിതയെന്ന സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു. ചില ചീഞ്ഞ കഥകള്‍ ഇതിനുള്ളില്‍ ഉണ്ടെന്നും സത്യം ഒരു ദിവസം പുറത്തു വരുമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. സരിതയുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച് ഉണ്ടാക്കിയ കഥകളുടെ പേരില്‍ തന്റെ കുടുംബത്തിന് പലായാനം ചെയ്യേണ്ടി വന്നുവെന്നും എല്ലാം പിന്നീട് വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.