അറബ്‌നാട്ടിലും തെരഞ്ഞെടുപ്പ്‌ വിജയാഘോഷം; ചുവപ്പണിഞ്ഞ്‌ ചുവപ്പുലഡു വിതരണം ചെയ്‌ത് പ്രവാസികള്‍

05:20pm. 20/5/2016
1463741295_laddu_main

ദുബായ്‌ : കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപന ദിവസം ദുബായ്‌ അടക്കമുള്ള നഗരങ്ങളില്‍ കണ്ട കാഴ്‌ച അറബികളെയും പ്രവാസികളെയും ആകെ അമ്പരിപ്പിക്കുന്നതായിരുന്നു. ചുവപ്പണിഞ്ഞ്‌ ചുവപ്പ്‌ ലഡു വിതരണം ചെയ്‌തുകൊണ്ട്‌ ഒരു കൂട്ടം ആളുകള്‍… ആകെ ചുവപ്പുമയം.
നാട്ടിലെ തെരഞ്ഞെടുപ്പ്‌ വിജയമാണ്‌ ഇവരുടെ ഈ നിറം മാറ്റത്തിനു പിന്നില്‍ എന്ന്‌ അറിഞ്ഞതോടെ മറ്റ്‌ പ്രവാസികളും മധുരം കഴിച്ച്‌ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കേരളത്തിലെ നേതാക്കന്മാരെക്കുറിച്ചോ, അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഒന്നും വ്യക്‌തമായി അറിയില്ലെങ്കിലും സ്‌മാര്‍ട്ട്‌ സിറ്റിയടക്കമുള്ള പദ്ധതികളിലൂടെ അറബ്‌ പത്രങ്ങളില്‍ ഇടംനേടിയ ഉമ്മന്‍ചാണ്ടിയെ പലര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഉമ്മന്‍ചാണ്ടി ജയിച്ചോ എന്നതായിരുന്നു മധുരം കഴിക്കുന്നതിനിടെ പലരുടെയും ചോദ്യം. കേരളത്തില്‍ മോഡിയുടെ പാര്‍ട്ടി ജയിച്ചുവോ എന്നതായിരുന്നു മറ്റൊരു കൂട്ടരുടെ ചോദ്യം. വിജയവും പരാജയവും എന്തുതന്നെ ആയാലും കേരളത്തിലെ രാഷ്‌ട്രീയ സ്‌ഥിതിഗതികള്‍ കടല്‍ക്കടന്നും ചര്‍ച്ചയാകുകയാണ്‌