അസ്വാഭാവികമരണം ശരീരത്തില്‍ വിഷാംശം

08:04am 7/3/2016
ചാലക്കുടി പൊലീസ് കേസെടുത്തു

Kalabhavan Mani2

കൊച്ചി/തൃശൂര്‍: ഇന്നലെ അന്തരിച്ച് നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടത്തെിയെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഇതിന് ഞായറാഴ്ച രാത്രിതന്നെ മണിയുടെ മൃതദേഹം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. അസ്വാഭാവികമരണത്തിന് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുണ്ട്.

മരണമന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടത്തെിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെതന്നെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസിനെ അറിയിച്ചിരുന്നു. എറണാകുളം നോര്‍ത് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലത്തെി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ചാലക്കുടി പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ചാലക്കുടി സി.ഐയും സംഘവും സ്ഥലത്തത്തെി. മരണം സംഭവിച്ച ശേഷം ഡോക്ടറുമായി പൊലീസ് കൂടിക്കാഴ്ച നടത്തിയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന നിലയില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തത്. മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാണ് മണി അവശനിലയിലായതെന്നാണ് നിഗമനം.

ആദ്യം ചാലക്കുടിയിലെ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെനിന്നാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കരള്‍ രോഗിയായിരുന്നെങ്കിലും അതുമായി ബന്ധമില്ലാത്ത രോഗങ്ങളും കണ്ടത്തെിയിരുന്നു. ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനകള്‍ക്കുശേഷമാണ് സ്ഥിരീകരിച്ചത്. ഉച്ചയോടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലുമാക്കി. രാത്രി 9.45ഓടെയാണ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചാലക്കുടി പൊലീസിന് വിട്ടുകൊടുത്തത്. അതുവരെ സിനിമ, സാമൂഹിക മേഖലകളിലെ പ്രമുഖരുള്‍പ്പെടെ ആശുപത്രിയില്‍ എത്തിക്കൊണ്ടിരുന്നു.

സംവിധായകരായ സിദ്ദീഖ്, ലാല്‍ ജോസ്, വിനയന്‍, നാദിര്‍ഷ, നടന്മാരായ ദിലീപ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ഇടവേള ബാബു, കോട്ടയം നസീര്‍, നടി മഞ്ജു വാര്യര്‍, ഹൈബി ഈഡന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, തുടങ്ങിയവര്‍ മരണവിവരമറിഞ്ഞ് ആശുപത്രിയിലത്തെി ആദരാഞ്ജലി അര്‍പ്പിച്ചു. ചേരാനല്ലൂര്‍ പൊലീസും ചാലക്കുടി പൊലീസിനൊപ്പം തൃശൂര്‍ വരെ മൃതദേഹത്തെ അനുഗമിച്ചു. തിങ്കളാഴ്ച രാവിലെതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് സര്‍ജനുള്‍പ്പെടെയുള്ളവരെയും മറ്റുസംവിധാനങ്ങളും ഒരുക്കിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനും പൊതുദര്‍ശനത്തിനും ശേഷമാകും സംസ്‌കാരം.