അസ്ഹര്‍ മസ്ഊദിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ വീണ്ടും യു.എന്നിനെ സമീപിക്കും

09:59am 26/2/2016
Masood-Azhar

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനും ജെയ്‌ശെ മുഹമ്മദ് തലവനുമായ അസ്ഹര്‍ മസ്ഊദിനെ ആഗോളതലത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയെ സമീപിക്കും. യു.എന്‍. സ്ഥിരാംഗത്വമുള്ള ചൈനയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു. ആഗോള വിലക്കേര്‍പ്പെടുത്തപ്പെട്ട 1267 പേരുടെ പട്ടികയില്‍ അസ്ഹര്‍ മസ്ഊദിനെയും ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
വിലക്കുനേരിടുന്ന ഭീകരസംഘടനകളുടെ പട്ടികയില്‍ ജെയ്‌ശെ മുഹമ്മദിന്റെ പേരുണ്ടെങ്കിലും ഇതിന്റെ തലവനായ അസ്ഹര്‍ മസ്ഊദിന് വിലക്കുണ്ടായിരുന്നില്‌ളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ഇന്ത്യ വീണ്ടും ആരംഭിച്ചിട്ടുണ്ട്. അല്‍ഖാഇദയില്‍ അംഗത്വമുള്ള 11 പാക് ഭീകരസംഘടനകളുടെ പട്ടിക യു.എന്‍ സമിതിക്ക് മുമ്പാകെ ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.