ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിന് 2.14 കോടി രൂപ ധനസഹായം നല്‍കി മഹേഷ് ബാബു

10:20am 13/5/2016

380976-mahesh-babu

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിന് 2.14 കോടി രൂപ ധനസഹായം നല്‍കി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. ആന്ധ്രയിലെ മെഹബൂബ്‌നഗര്‍ ജില്ലയിലെ ബുരിപാലെം ഗ്രാമത്തിനാണ് താരം സംഭാവന നല്‍കിയത്. ഗ്രാമത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഈ സംഭാവന എന്നാണ് മഹേഷ് ബാബുവിന്റെ അഭിപ്രായം.
ബുരിപാലം ഗ്രാമം താരത്തിന്റെ പിതാവിന്റെ ജന്മസ്ഥലമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. നേരത്തെ മഹേഷ് ബാബു ദത്തെടുത്ത ഗ്രാമം കൂടിയാണ് ബുരിപാലം. ‘ശ്രീമന്ധുടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബുരിപാലം ഗ്രാമം മഹേഷ് ദത്തെടുത്തത്. ശ്രീമന്ധുടുവില്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന യുവവ്യവസായിയുടെ കഥാപാത്രമായാണ് മഹേഷ് ബാബു അഭിനയിച്ചിരുന്നത്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം ഗ്രാമത്തില്‍ തിരിച്ചെത്തിയത്. താരത്തിന്റെ ധനസഹായം കൊണ്ട് ഗ്രാമത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, കുടിവെള്ളം എത്തിക്കുന്നതിന് സൗകര്യം ഒരുക്കല്‍ എന്നി പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.