02.34 AM 31/10/2016
പശ്ചിമേഷ്യയിൽ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് വരുന്നു. വിവിധ കാരണങ്ങളാല്‍ വിസയില്ലാതെ രാജ്യത്ത് തുടരേണ്ടി വന്നവര്‍ക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്ന സംവിധാനമായ ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി അറിയിച്ചു.
മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഫ്ലെക്സിബിള്‍ വര്‍ക് പെര്‍മിറ്റ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ നടപടി ഉപകരിക്കുമെന്ന് ഉസാമ അല്‍ അബ്സി പറഞ്ഞു. ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാര്‍ട്ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. തൊഴിലാളി തന്നെയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.ഫ്ലെക്സിബിള്‍ പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കും. നിലവില്‍ ഏതെങ്കിലും കേസുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും.
ആറുമാസത്തിനുള്ളില്‍ പെര്‍മിറ്റ് നടപ്പാക്കി തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിമാസം 2000 പേര്‍ക്കാണ് പെര്‍മിറ്റ് നല്‍കുക.നിലവില്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ജോലി നഷ്ടപ്പെടുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്തശേഷവും ബഹ്റൈനില്‍ തുടരുന്നവര്‍ക്കാണ് ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കാനാവുക.
രണ്ടുവര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക.
200 ദിനാര്‍ ആണ് പെര്‍മിറ്റിന് ഫീസ്. ഹെല്‍ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും. ഫ്ളെക്സിബ്ള്‍ വര്‍ക്കര്‍, ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്പെര്‍മിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്റ്, ഹോട്ടല്‍, സലൂണ്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ പെര്‍മിറ്റ് നല്‍കുന്നത്. ഇവര്‍ പ്രത്യേക മെഡിക്കല്‍ ടെസ്റ്റ് പാസാകേണ്ടി വരും. ഫെബ്രുവരിയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.