09:33 am 28/10/2016
– പി.പി. ചെറിയാന്
ന്യൂജഴ്സി : അപൂര്‍വ്വ കാന്‍സര്‍ രോഗം മൂലം മരണമടഞ്ഞ ഒമ്പത് വയസുകാരന് പാര്‍ത് പട്ടേലിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ന്യുജഴ്സി സിറ്റി പൊലീസ് പരേഡ് സംഘടിപ്പിച്ചു. രണ്ടു വര്‍ഷമായി എല്ലിനെ ബാധിക്കുന്ന സര്‍ക്കോമ എന്ന കാന്‍സര്‍ രോഗം മൂലം കിടപ്പിലായിരുന്ന പാര്‍ത് പട്ടേല്‍ ഒക്ടോബര്‍ 22നാണ് മരണമടഞ്ഞത്.
ജഴ്സി സിറ്റിയിലെ ആല്‍ഫ്രഡ് സംഫല്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പട്ടേല്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. രജനികാന്ത് പട്ടേല്‍– സുശീല പട്ടേല്‍ എന്നിവരുടെ കൊച്ചു മകനായ പാര്‍ത് പിതാവ് സുനില്‍, മാതാവ് പരുള്‍ എന്നിവരുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
ജഴ്സി സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ നൂറിലധികം പൊലീസ് ഓഫിസര്‍മാര്‍ക്ക് പുറമെ, ഫയര്‍, ഇഎംടി വിഭാഗത്തിലെ വൊളണ്ടിയര്‍മാരും പട്ടേലിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു നടത്തിയ പരേഡില്‍ പങ്കെടുത്തു. ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചു പരേഡില്‍ പങ്കെടുത്ത കുട്ടി പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു.
പട്ടേലിന്റെ പേര് ആലേഖനം ചെയ്ത ബാഡ്ജ്, യൂണിഫോം, എന്നിവ ധരിച്ചു മുന്നോട്ടു നീങ്ങിയ പരേഡില്‍ പങ്കെടുത്തവര്‍ റോഡിനിരുവശവും ഉളള കാണികളെ കൈവീശി അഭിവാദ്യം ചെയ്തു. രോഗാവസ്ഥയിലും ജീവിതത്തെ എങ്ങനെ ധീരമായി അഭിമുഖീകരിക്കണം എന്ന് തങ്ങളെ പട്ടേല്‍ പഠിപ്പിച്ചുവെന്ന് സ്കൂള്‍ അധ്യാപിക കെല്ലി ലൊ മാക്സ് പറഞ്ഞു. ഒക്ടോബര്‍ 25 നാണ് പാര്‍ത്തിന്റെ സംസ്കാരം ന്യൂജഴ്സിയില്‍ നടന്നത്. ന്യൂജഴ്സി പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ ബഹുമാനാര്‍ത്ഥം ഇങ്ങനെയൊരു പരേഡ് സംഘടിപ്പിച്ചത്.