09.07 AM 28/10/2016
ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തി നടത്തിയ പാക്കിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാന്റെ തിരിച്ചടി. നയതന്ത്ര ചട്ടങ്ങള്‍ ലംഘിച്ച സുര്‍ജിത് സിംഗ് എന്ന ഉദ്യോഗസ്ഥനോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി അറിയിച്ചു. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബവാലയെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നു മുമ്പ് സുര്‍ജിതും കുടുംബവും പാക്കിസ്ഥാന് വിടണമെന്നാണ് നിര്‍ദേശം.
നേരത്തെ, പാക്കിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിര്‍ണായക പ്രതിരോധ രഹസ്യരേഖകള്‍ കൈവശം വച്ചതിന് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് മഹമ്മൂദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതിനു പിന്നാലെയാണ് രാജ്യംവിടാന്‍ ആവശ്യപ്പെട്ടത്.
ഇയാള്‍ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത രാജസ്ഥാന് സ്വദേശികളായ മൗലാന റംസാന് ഖാന്, സുഭാഷ് ജഹാംഗീര്‍ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നത്. ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളും ഇവരില്‍നിന്നു പിടികൂടി.
അറസ്റ്റ് ചെയ്തെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ മഹമ്മൂദ് അക്തറിനെ വിട്ടയയ്ക്കുകയായിരുന്നു. ഡല്‍ഹി പോലീസ് തിരക്കിയെത്തിയപ്പോള്‍ താന്‍ ഇന്ത്യക്കാരനാണെന്നു പറഞ്ഞ മഹമ്മൂദ് വ്യാജ ആധാര്‍ കാര്‍ഡും കാണിച്ചിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് നയതന്ത്ര പരിരക്ഷയുള്ള കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്.