11-10-2016 02.09 PM
ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 475 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 216/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് കരുത്തുപകര്‍ന്നത്. 101 റണ്‍സോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തി. ഗംഭീര്‍ 50 റണ്‍സ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 18 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. മുരളി വിജയ് (19) വേഗത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ ഗംഭീര്‍ പൂജാര സഖ്യം വലിയ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. കിവീസിന് വേണ്ടി ജീതന്‍ പട്ടേല്‍ രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15/1 എന്ന നിലയിലാണ്. ആറ് റണ്‍സ് നേടിയ ടോം ലാതത്തിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.