പത്തനംതിട്ട: ശബരിമല കാടുകളുടെ മനോഹാരിതയിലലിഞ്ഞ് ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കം. കേരളത്തിലേക്ക് ആദ്യമായെത്തിയ ദേശിയ റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് മണ്ണാറക്കുളഞ്ഞി-പമ്പ പാതയില്‍ 27 വരെ നടക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങളാണ് ആരംഭിച്ചത്. വ്യക്തിഗത മത്സരങ്ങളാണ് ആദ്യം നടന്നത്. മെന്‍ എലൈറ്റ് (19 വയസിനു മുകളില്‍), മെന്‍ അണ്ടര്‍ 23, മെന്‍ ജൂനിയേഴ്സ് (17-18), മെന്‍ സബ് ജുനിയേഴ്സ് (15-16), യൂത്ത് (12-14) എന്നിങ്ങനെ പുരുഷ വിഭാഗത്തിലും എലൈറ്റ് വനിതാ (19 വയസിനു മുകളില്‍), വനിതാ ജൂനിയേഴ്സ് (17-18), സബ് ജൂനിയര്‍ (15-16), യൂത്ത് (12-14) എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
20, 40, 50, 60, 150 കിലോ മീറ്റര്‍ മത്സരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നടക്കുന്നത്. നിലയ്ക്കല്‍ ക്ഷേത്രത്തിന്റെ മുമ്പില്‍ നിന്നും ളാഹ വരെയാണ് ട്രാക്ക് ക്രമീകരിച്ചിരിക്കുന്നത്. പാതയില്‍ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സരത്തിന് മുമ്പ് വനം വകുപ്പിന്റെ പെട്രോളിങും നടത്തി.