ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

12:52pm 9/3/201

iran1_0
തെഹ്‌റാന്‍: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇറാന്‍ മധ്യ-ഹൃസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. 300 കിലോമീറ്ററും 2000 കിലോമീറ്റും ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ഇറാന്‍ ബഹിരാകാശ വിഭാഗം മേധാവി ജനറല്‍ അമീര്‍ അലി ഹാജിസദ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രഹസ്യ അറകളില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത്.

മേഖലയിലെ പ്രധാന എതിരാളികള്‍ക്കുള്ള സൂചനയാണ് ഇറാന്റെ മിസൈല്‍ പരീക്ഷണമെന്ന് തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ റൂഹുല്ല ഫഹീഹി പറഞ്ഞു. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലിന് ഇസ്രയേലും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

രണ്ടാഴ്ച മുമ്പ് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പാരമ്പര്യവാദികള്‍ക്കെതിരെ പ്രസിഡന്റ് ഹസന്‍ റൂഹാനി നയിക്കുന്ന പരിഷ്‌കരണവാദികള്‍ മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ ഒക്ടോബറില്‍ ഇറാന്‍ നടത്തിയ ദീര്‍ഘ ദൂര ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നു.