09.35 AM 30/10/2016
റോം: ഇറ്റലിയിൽ പാലം തകർന്നുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. മിലാന് സമീപം ലെക്കോ പ്രവിശ്യയിലെ തിരക്കേറിയ റോഡിലാണ് അപകടം ഉണ്ടായത്. മേൽപ്പാലമാണ് തകർന്നു വീണത്. ഒരു ചരക്ക് ലോറി കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. അടിപ്പാതയിലൂടെ കടന്നുപോയ കാറുകൾക്കുമുകളിലേക്ക് പാലത്തിന്റെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. അഞ്ചു കാറുകൾ തകർന്നു. ഇതിൽ ഒരു കാർ പൂർണമായും തകർന്നു.
വെള്ളിയാഴ്ച പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇറ്റലിയിലെ റോഡ് അതോറിറ്റി ലെക്കോ പ്രവിശ്യ ഭരണകൂടത്തെ വിവരം അറിയിക്കുകയും പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സുരക്ഷാപരിശോധനയ്ക്കു ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിനു തൊട്ടുമുമ്പായി അപകടം സംഭവിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.