ഉത്സവ അന്തരീക്ഷത്തില്‍ സിയാല്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

27-2-2015
ciyalപൂരപൊലിമയുടെ ഉത്സവ അന്തരീക്ഷത്തില്‍ സിയാല്‍ പണികഴിപ്പിച്ച പുതിയ അന്താരാഷ്ട്ര റെര്‍മിനലായ ‘ടി 3’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാന്‍ നൂറുകണക്കിന് ആളുകളാണ് സിയാലിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടനത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. സമ്പൂര്‍ണ്ണ പൂരച്ചമയങ്ങളണിഞ്ഞ 15 ഫൈബര്‍ ആനകള്‍ റെര്‍മിനലിനകത്ത് അണിനിരന്നത് ഉല്‍ഘാടന സമ്മേളനം വീക്ഷിക്കാനെത്തിയവര്‍ക്ക് കൗതുകമായി. തൃശ്ശൂര്‍ തിരുവമ്പാടി മേള പ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ചെണ്ട മേളവും അരങ്ങേറി. നൂറോളം കലാകാരന്‍മാരാണ് മേളത്തിനായി അണിനിരന്നത്. ഇനി ആഴ്ച്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ തൃശ്ശൂര്‍ പൂരത്തെ അനുസ്മരിച്ചുകൊണ്ട് കുടമാറ്റവും നടക്കും. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇത് ഏറെ ആഘര്‍ഷകമാകും. അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഒന്നാം നിലയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ‘ടി 3’ ടെര്‍മിനലില്‍ നിന്നാല്‍ വിമാനങ്ങള്‍ റണ്‍ വെയിലേക്ക് ഇറങ്ങുന്നതും റണ്‍ വെയില്‍ നിന്നും പറന്നുയരുന്നതും നന്നായി കാണാന്‍ കഴിയുമെന്നതിനാല്‍ സിയാലിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഇത് ഏറെ ആകര്‍ഷകമാകും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നടക്കുന്ന ഏറ്റവും വലിയ വിപുലീകണത്തിന്റെ ഉദ്ഘാടന വേളയിലും നിറഞ്ഞു നിന്നത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ തന്നെയാണ്. സ്വാഗത പ്രാസംഗികന്‍ മുതല്‍ മുഖ്യമന്ത്രി വരെ എല്ലാവരും തങ്ങളുടെ പ്രസംഗങ്ങളില്‍ കരുണാകരനെ പ്രത്യേകം അനുസ്മരിച്ചു.കരുണാകരന്റെ പേര് പരാമര്‍ശിക്കുമ്പോള്‍ തികഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് അത് എതിരേറ്റത്.കെ.കരുണാകരന്റെ ഇച്ഛാശക്തിയാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാദാര്‍ത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു. സിയാല്‍ എം.ഡി വി.ജെ കുര്യന്‍ നടത്തിയ റിപ്പോര്‍ട്ടിംഗിലും കരുണാകരന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.