തിരുവനന്തപുരം: . നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചു. വി.എസ് മലമ്പുഴയിലും പിണറായി ധര്‍മടത്തും സ്ഥാനാര്‍ഥികളാവും. ശനിയാഴ്ച നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ധാരണ. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇരുവരെയും മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം ശനിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോര്‍ട്ട് ചെയ്തു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി യെച്ചൂരി വി.എസുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ആറ് പേരെ മത്സരിപ്പിക്കാനും ധാരണയായി. പിണറായി വിജയന് പുറമെ ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), തോമസ് ഐസക് (ആലപ്പുഴ), എ.കെ. ബാലന്‍ (തരൂര്‍), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പന്‍ചോല) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ഷൈലജയും മത്സരിക്കും. അതേസമയം സംഘടനാ ഭാരവാഹിത്വം വഹിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ഇത്തവണയുണ്ടാവില്ല. ജില്ലാ സെക്രട്ടറിമാര്‍, രണ്ടുതവണ മത്സരിച്ചവര്‍ എന്നിവരെ ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവുനല്‍കും. വിജയസാധ്യതയാണ് സ്ഥാനാര്‍ഥിത്വത്തില്‍ മുഖ്യ ഘടകമായി പരിഗണിക്കുക. ഇതനുസരിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. ഇതടക്കമുള്ളവയില്‍ ഞായറാഴ്ച ചേരുന്ന സംസ്ഥാനസമിതിയാവും അന്തിമ തീരുമാനമെടുക്കുക.
മലമ്പുഴയില്‍ വി.എസിന്റെ പേര് ഉള്‍പ്പെടുത്താതെയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. ജില്ലാ നേതൃത്വം സി.ഐ.ടി.യു നേതാവ് എ. പ്രഭാകരന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നുണ്ടാകേണ്ടതിനാലായിരുന്നു ഇത്.