ഒ.എന്‍.വി ഇനി ഓര്‍മകളുടെ തിരുമുറ്റത്തേക്ക്

08:20am 14/2/2016

കെ.പി.വൈക്കം
ONV
ഒരിക്കലും തിരിച്ചുകിട്ടാത്ത ഒര്‍മകളുടെ മേയുന്ന തിരുമുറ്റത്തേക്ക് പ്രിയ കവി ഒ.ന്‍.വി യാത്രയായി. തന്റെ ചരമശുശ്രൂഷയ്ക്ക് ഹൃദയത്തില്‍ കുറിച്ചിട്ട വരികളുമായി ഒര്‍യുടെ കളിത്തട്ടിലേക്ക് പ്രിയകവിയാത്രയായി. മലയാളത്തിന്റെ സ്വകാര്യഅഹങ്കാരങ്ങളിലൊന്നായിരുന്നു ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഓ.എന്‍.വി. അദ്ദേഹത്തിന്റെ കവിതകള്‍ മലയാളികളെ അത്രമേല്‍ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ എത്രയോ ദശകങ്ങളായി മലയാളജീവിതത്തിനുമേല്‍ കന്നിനിലാവായി, പൊന്നരിവാളമ്പിളിയായി, മനസ്സിലെ താമരയില്‍വിരിയുന്ന സാരസ്വതസൌഭഗമായി, പെറ്റമണ്ണില്‍ വീണടിഞ്ഞ തലമുറകളിലെ അസ്ഥിസുമങ്ങളായി, ഹൃദയത്തിന്റെ ഗൃഹാതുരതാമൂലയില്‍ നില്‍ക്കുന്ന നെല്ലിമരത്തെ തലോടുന്ന മന്ദപവനനായി, ചിലമ്പൂരിയെത്തുന്ന കണ്ണകിയായി ഒക്കെ ഒ.എന്‍.വിയുടെ കവിതയും പാട്ടും സര്‍ഗ്ഗസാന്നിധ്യമായിരുന്നു മലയാളികള്‍ക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കും. ശുദ്ധമലയാളത്തില്‍ സാധാരണക്കാരനുമനസിലാകുന്ന കവിതകളായിരുന്നു ഒ.എന്‍.വിയെ ജനഹൃദയങ്ങളില്‍ കുടിയിരുത്തിയത്. അദ്ദേഹമെയുതിയ കൃതികളില്‍ അത് കവിതയായാലും പാട്ടായാലും ഓരോ വരിയിലും വിരിയുന്നത് അഭൗമ്യ സൗന്ദര്യമുള്ള അര്‍ഥങ്ങളായിരുന്നു. തന്റെ പതിനഞ്ചാംവയസിലാണ് ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത്. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരില്‍ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പന്‍ എന്ന ചലച്ചിത്രം മുതലാണ് ഒ.എന്‍.വി എന്ന പേരില്‍ത്തന്നെ ഗാനങ്ങള്‍ എഴുതിയത്.
ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിതത്തില്‍ അദ്ദേഹം മുപ്പതിലധികം കാവ്യ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ തുടങ്ങിയ പഠനകൃതികളും അദ്ദേഹം രചിച്ചു. നാടകത്തിലും സിനിമയിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ ഒ.എന്‍.വിയുടെ തൂലികയിലൂടെ പിറന്നു. പ്രണയം തുളുമ്പുന്നവരികള്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതന്നയാണ് വിപ്ലവ വീര്യമുള്ള ഗാനങ്ങളും ജനിച്ചത്.
എഴുപതുകളും, എണ്‍പതുകളും തൊണ്ണൂറുകളിലെയും സിനിമ സംഗീതം ഒ.എന്‍.വിയുടെ കൈകളിലായിരുന്നു. അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങളില്‍ യൗവ്വനത്തിന്റെ തുടിപ്പും ജീവിതത്തിന്റെ ആഗ്രഹങ്ങളും നിഴലിക്കുന്നു. അന്‍പതുകളില്‍ മലയാള സിനിമ പിച്ചവെക്കുന്ന കാലത്ത് ഒ.എന്‍.വി പാട്ടുമായി വന്നത് നാടകത്തിലൂടെയായിരുന്നു. വയലാറിന് ശേഷം മലയാളികളുടെ വികാരമായി മാറി ഒ.എന്‍.വി. സംഗീത സംവിധായകന്‍ ജി. ദേവരാജനുമായുള്ള പരിചയപ്പെടല്‍ ഒ.എന്‍.വിയുടെ ജീവിതത്തിലെതന്നെ സുപ്രധാനമായ ഒരേടായിരുന്നു. ആ കൂട്ടുകെട്ടില്‍ വിരിഞ്ഞത് നിരവധി അനശ്വര ഗാനങ്ങളാണ്.
കേരളീയസമൂഹം ദേശീയവിമോചന പോരാട്ടത്തിന്റെയും തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്റെയും തീച്ചൂളയിലൂടെ കടന്നുപോകുന്ന കാലത്താണ് അദ്ദേഹം കൗമാരത്തിലേക്കു പ്രവേശിച്ചത്. തിളച്ചുമറിയുന്ന ആ കാലത്തിന്റെ കാറ്റ് ഒ.എന്‍.വിയെയും സ്വാധീനിച്ചു. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഒ.എന്‍.വി മാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധിനമായിരുന്നു പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ എന്ന പാട്ടിന്‍രെ പിറവിക്കുപിന്നില്‍. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെയാണ് ആ ഗാനം ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നത്. ജനഹൃദയങ്ങളെ ആഴത്തില്‍ സ്വാധീനിച്ച ആ ഗാനം ആറു പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
പാരിസ്ഥിതിയുടെ നാശത്തിന്റെ ഫലങ്ങളെക്കുരിച്ച് മലയാളികല്‍ ചിന്തിച്ചു തുടങ്ങുന്നതിന് എത്രയോ മുന്‍പാണ് 1980ല്‍ അദ്ദേഹം ‘ഭൂമിക്കൊരു ചരമഗീതം’ രചിച്ചത്. പ്രകൃതിനാശത്തിലുള്ള അതിശക്തമായ ആശങ്ക സൃഷ്ടിച്ച പ്രവചനശക്തിയുള്ള ആ വരികള്‍ മലയാളിയുടെ ബോധമണ്ഡലത്തെ അതിശക്തമായി പിടിച്ചുകുലുക്കി. പരിസ്ഥിതിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച ഈ കവിത പിന്നീടു നമ്മുടെ പാരിസ്ഥിതികാവബോധത്തിന്റെ പ്രഖ്യാപനഗീതമായി മാറി.
എണ്‍പതുകള്‍ ഒ.എന്‍.വിയുടെ സുവര്‍ണകാലമായിരുന്നു. അന്ന് അദേഹം എഴുതിയ മനോഹരഗാനങ്ങള്‍ നൂറുകണക്കിനാണ്. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ’ എന്നു പറഞ്ഞാല്‍ ആരും എതിര്‍ക്കുമെന്ന് കരുതാന്‍ കഴിയില്ല. പിന്നെ മലയാളിമനസ് ഒരു ഉള്ളില്‍ നേര്‍ത്ത ദുഖമൊളിപ്പിച്ച് ഏറ്റുപാടുന്ന ഗാനമാണ് ‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍’. തൊണ്ണൂറുകളില്‍ ഇതേ വികാരഭാവത്തോടെയും കാവ്യമനോഹാരിതയോടെയുമാണ് അദ്ദേഹം പാട്ടുകളെഴുതിയത്. ‘ഒരു നറു പുഷ്പമായ് എന്‍ നേ!ര്‍ക്കു നീളുന്ന… ‘ എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ഗാനമായിരുന്നു പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകത്തില്‍ അദ്ദേഹമെഴുതിയതില്‍ ഏറ്റവും ആകര്‍ഷിക്കപ്പെട്ട ഗാനം.