ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്

11.06 PM 20-06-2016
1453244_492974890811599_1421778944_n
ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്. ന്യൂസ് 18 ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പിനാണു പരുക്കേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ സനലിനെ കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്കു മാറ്റി.
രാവിലെ വണ്ടന്‍പതാലിലെ വീട്ടില്‍നിന്നു ജോലി സ്ഥലമായ കൊച്ചിയിലേക്കു പോകാന്‍ മുണ്ടക്കയത്തേക്കു വരുന്നതിനിടെയാണ് നാലു സെന്റ് കോളനിക്കു സമീപം അപകടമുണ്ടായത്. ജിഷ വധക്കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ കാക്കനാട് ജയിലിലേക്ക് പോകാനിരിക്കുകയായിരുന്നു സനല്‍. ഇതിനിടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റ സനലിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയത്തേക്കു കൊണ്ടു പോവുകയായിരുന്നു. ദ്വീര്‍ഘ കാലമായി ചാനല്‍ രംഗത്തുള്ള വ്യക്തിയാണ് സനല്‍ ഫിലിപ്പ്. ജയ് ഹിന്ദ് ടിവിയിലൂടെയാണ് മാദ്ധ്യമ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. റിപ്പോര്‍ട്ടര്‍ ടിവിയുടെയും ഭാഗമായി പ്രവര്‍ത്തിച്ചു. അടുത്തിടെയാണ് ന്യൂസ് 18ലേക്ക് സനല്‍ ഫിലിപ്പ് മാറിയത്