ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

28-2-2016
88-Academy-Awards-2016-Oscars-List
88ആമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ രാവിലെ പ്രഖ്യാപിക്കും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി 8 സിനിമകളാണ് മത്സരിക്കുന്നത്. ദ റവനന്റ് ഓസ്‌കര്‍ അവാര്‍ഡുകള്‍ തൂത്തുവാരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദ ബിഗ് ഷോട്ട്, ബ്രിഡ്ജ് ഓഫ് സ്‌പൈസ്, ബ്രൂക്ക് ലിന്‍, മാഡ് മാക്‌സ് ഫ്യൂരി റോഡ്, ദ മാര്‍ഷ്യന്‍, ദ റവനന്റ്, റൂം, സ്‌പോട്ട് ലൈറ്റ് എന്നിങ്ങിനെ മികവിനുള്ള പുരസ്‌കാരത്തിനായി 8 ചിത്രങ്ങള്‍.
ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വൈവിധ്യം കാത്തുസൂക്ഷിക്കാനായില്ലെന്ന വിമര്‍ശനം ഉണ്ടെങ്കിലും, ജനപ്രീതിയും കലാമൂല്യവും ഒരു പോലെ ഒത്തിണങ്ങിയ സിനിമകളാണ് ഇത്തവണ അന്തിമപട്ടികയില്‍ ഇടം നേടിയത്.
12 നോമിനേഷനുകളുമായി മുന്നില്‍ നില്‍ക്കുന്ന ദ റവന്റിലാണ് എല്ലാ കണ്ണുകളും. മികച്ച നടനുള്ള നോമിനേഷന്‍ 3 തവണ നേടിയിട്ടും ഓസ്‌കര്‍ കിട്ടാതെ പോയ ഡി കാപ്രിയോയെ ഇത്തവണ ഭാഗ്യം തുണക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അലക്‌സാന്ദ്രോ ഇനാരിറ്റോ സംവിധാനം ചെയ്ത ദ റവനന്റിലെ കഥാപാത്രത്തിനാണ് ഡി കാപ്രിയോയ്ക്ക് നോമിനേഷന്‍.
ബ്രയാന്‍ ക്രന്‍സ്റ്റണ്‍, മാറ്റ് ഡാമന്‍,മൈക്കിള്‍ ഫാസ്‌ബെന്റര്‍, എഡ്ഡി റെഡ്‌മെയിന്‍ എന്നിവരോടാണ് ഡി കാപ്രിയോ മത്സരിക്കുന്നത്. നടിമാരുടെ അന്തിമപട്ടികയില്‍ ഇടം നേടിയത്.കാറ്റ് ബ്ലെന്‍ഷെറ്റ്, ബ്രി ലാര്‍സണ്‍, ജെന്നിഫര്‍ ലോറന്‍സ്, ഷാര്‍ലറ്റ് റാംപ്ലീന്‍, സോറീസി റോനന്‍ എന്നിവര്‍. ആഡം മിക്കി, ജോര്‍ജ് മില്ലര്‍, അലക്‌സാന്ദ്രോ ഇനാരിറ്റോ, എന്നിവരാണ്‌സംവിധായകരുടെ നിരയില് മുന്‍പില്‍.
സണ്‍ ഓഫ് സോള്‍, മസ്റ്റിംഗ്, തീബ്, എ വാര്‍, എംബറന്‍സ് ഓഫ് സ്പിരിറ്റ് എന്നിവയാണ് വിദേശഭാഷാ സിനിമകളുടെ പട്ടികയില്‍. 24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. മത്സരപട്ടികയില്‍ ഇത്തവണ ഇന്ത്യന്‍ സാന്നിധ്യമില്ല.പക്ഷേ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അവാര്‍ഡ് നിശയില്‍ അവതാരകയുടെ റോളില്‍ എത്തുന്നുണ്ട്. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ നടക്കുന്ന പുരസ്‌കാരചടങ്ങില്‍ പ്രധാന അവതാരകനായി എത്തുന്നത് ക്രിസ് റോക്ക് ആണ്.