കനയ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

08:10am 20/02/2016
kanhaiya-kumar-jnu_650x400_71455705297
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ജാമ്യ ഹരജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹരജി ഇന്നു പരിഗണിക്കാതിരുന്നത്. നേരത്തെ സുപ്രീംകോടതിയില്‍ ആയിരുന്നു കനയ്യയുടെ അഭിഭാഷകര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, കീഴ്‌കോടതിയില്‍ ആണ് ജാമ്യാപേക്ഷ നല്‍കേണ്ടതെന്നും ഇത് പരമോന്നത കോടതി പരിഗണനക്കെടുത്താല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
സെപ്തംബര്‍ ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ച കനയ്യക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തെ അടിച്ചമര്‍ത്തുന്ന ഭരണകൂട നിലപാടില്‍ പ്രതിഷേധം പരക്കവെ കനയ്യയുടെ ജാമ്യം പരിഗണിക്കുന്നത് ഉറ്റുനോക്കുകയാണ് രാജ്യം.